ബലൂചിസ്ഥാനെ പാകിസ്താനിൽ നിന്ന് സ്വതന്ത്രമാക്കിയതായി ബലൂച് ലിബറേഷൻ ആർമി വ്യക്തമാക്കി കഴിഞ്ഞു. ബലൂചിസ്ഥാന് ഒരു സ്വതന്ത്ര രാജ്യമായി അംഗീകാരം നൽകണമെന്ന് ബലൂച് നേതാവായ മിർ യാർ ബലൂച് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബലൂചിസ്ഥാന്റെ സ്വതന്ത്ര രാജ്യം എന്ന ആവശ്യത്തിന് വേണ്ടി കാലങ്ങളായി പ്രവർത്തിക്കുന്ന മറ്റൊരു സുപ്രധാന നേതൃത്വം കൂടിയുണ്ട്. ബലൂചിസ്ഥാന്റെ നാരീശക്തി ആയ മഹ്രംഗ് ബലോച്ച് ആണിത്. ഇന്ത്യ-പാകിസ്താൻ സംഘർഷവുമായി ബന്ധപ്പെട്ട് മഹ്രംഗ് ബലോച്ച് പറഞ്ഞ ചില വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ തങ്ങൾ ഇന്ത്യക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹ്രംഗ് ബലോച്ച്. “യഥാർത്ഥ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് ഞങ്ങളുടെ പോരാട്ടം. ബലൂചിസ്ഥാനിൽ ഒരാളും ഒരു ഹിന്ദുവിനോട് കലിമ ചൊല്ലാൻ ആവശ്യപ്പെടുകയില്ല. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് അവനെ കൊല്ലുകയും ചെയ്യില്ല. തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ പാകിസ്താൻ ഒരു കാൻസറാണ്. പാകിസ്താനിൽ നിന്ന് ഞങ്ങളുടെ ജനങ്ങളെ മുക്തമാക്കുക എന്നതിനാണ് ഞങ്ങളുടെ മഹത്തായ പോരാട്ടം. ഞങ്ങളുടെ പക്കലുള്ളതെല്ലാം നൽകിക്കൊണ്ടാണ് ഈ പോരാട്ടത്തിൽ ഞങ്ങൾ അണിചേർന്നിരിക്കുന്നത്. ധാർമ്മികവും, നയതന്ത്രപരവും, രാഷ്ട്രീയവും ആയ പിന്തുണ ഞങ്ങൾ തേടുന്നു. കാരണം ഞങ്ങൾ നിങ്ങൾക്കും മനുഷ്യത്വത്തിനും വേണ്ടിയാണ് പോരാടുന്നത്” എന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ മഹ്രംഗ് ബലോച്ച് വ്യക്തമാക്കി.
ബലൂച് ദേശീയതയിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന മഹ്രംഗ് ബലോച്ച് നേരത്തെ ഡോക്ടറായി ജോലി നോക്കിയിരുന്ന ആളാണ്. 2009-ൽ ദേശീയ നേതാവായ പിതാവ് അബ്ദുൾ ഗഫാർ ലാംഗോവിന്റെ നിർബന്ധിത തിരോധാനത്തിന് മഹ്‌റംഗ് സാക്ഷ്യം വഹിച്ചു. മൂന്ന് വർഷത്തിന് ശേഷം ലാസ്ബെല ജില്ലയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്ത് നടക്കുന്ന നിർബന്ധിത തിരോധാനങ്ങൾക്കും നിയമവിരുദ്ധ കൊലപാതകങ്ങൾക്കുമെതിരായ പോരാട്ടത്തിന് അവർക്ക് പ്രേരണയായത് ഈ സംഭവങ്ങൾ ആയിരുന്നു. വധഭീഷണി, യാത്രാ വിലക്ക്, തടങ്കൽ തുടങ്ങിയ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും, 32 കാരിയായ മഹ്രംഗ് അചഞ്ചലമായ ദൃഢനിശ്ചയത്തോടെ പാകിസ്താൻ ഭരണകൂടത്തിനെതിരായ തന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്.
Discussion about this post