ന്യൂഡൽഹി : ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യോമാക്രമണ സൈറണുകൾ പ്രക്ഷേപണം ചെയ്യരുത് എന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹ ബോധവൽക്കരണ പരിപാടികൾ ഒഴികെയുള്ള പരിപാടികളിൽ സിവിൽ ഡിഫൻസ് എയർ റെയ്ഡ് സൈറണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
1968 ലെ സിവിൽ ഡിഫൻസ് ആക്ടിലെ സെക്ഷൻ 3 (1) (w) (i) പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളോട് ഈ നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. ഡയറക്ടറേറ്റ് ജനറൽ ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ എന്നിവരുടെ ഉപദേശപ്രകാരമാണിത്. സൈറണുകളുടെ പതിവ് ഉപയോഗം വ്യോമാക്രമണ സൈറണുകളോടുള്ള സിവിലിയന്മാരുടെ സംവേദനക്ഷമത കുറയ്ക്കാനിടയുണ്ട്. കൂടാതെ യഥാർത്ഥ വ്യോമാക്രമണ സമയത്ത് പോലും മാധ്യമങ്ങളിൽ നിന്നാണ് ശബ്ദം എന്ന് തെറ്റിദ്ധരിക്കാനും ഇടയുണ്ട് എന്നാണ് മാധ്യമങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
1968 ലെ സിവിൽ ഡിഫൻസ് ആക്ട് പ്രകാരം സിവിൽ ഡിഫൻസ് തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിൽ എല്ലാ മാധ്യമങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചു. അതേസമയം, സിവിൽ ഡിഫൻസിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരവധി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിവിൽ ഡിഫൻസ് സംവിധാനങ്ങളുടെ സന്നദ്ധത വിലയിരുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനുമാണ് ഈ അഭ്യാസം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.
Discussion about this post