വെടിനിർത്തൽ കരാറിലേക്ക് പാകിസ്താനും ഇന്ത്യയും എത്തിയെങ്കിലും ഇന്ത്യയേൽപ്പിച്ച പ്രഹരത്തിൽ നിന്നും പാകിസ്താന് അടുത്തെങ്ങും മോചിതരാകാൻ കഴിയാത്ത അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ. പൽഹാമിനേറ്റ മുറിവിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയപ്പോൾ 9 ഭീകരകേന്ദ്രങ്ങളാണ് തകർക്കപ്പെട്ടത്. ഇതിന് പിന്നാലെ പാകിസ്താൻ അതിർത്തിയിൽ പ്രകോപനം ആരംഭിക്കുകയും ഇന്ത്യ ശക്തമായ ഭാഷയിൽ തിരിച്ചടിക്കുകയും ചെയ്തു. സംഘർഷത്തിന് മുൻപേ തന്നെ സാമ്പത്തികമായും രാഷ്ട്രീയമായും തകർന്ന അവസ്ഥയിലായിരുന്നു പാകിസ്താൻ.വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ പാകിസ്താൻ സംഘർഷത്തിലേർപ്പെട്ടതോടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു.
ഇന്ത്യയിൽ നിന്നുള്ള മരുന്ന് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വരവ് നിലച്ചതോടെ മെഡിക്കൽ രംഗത്തും പ്രശ്നങ്ങൾ ഇടലെടുത്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം,ഒരു കിലോ പഞ്ചസാരയ്ക്ക് 180 രൂപയും ഇത്രയും അളവ് നെയ് വാങ്ങുന്നതിന് 2,900 രൂപയും നൽകണമെന്നാണ്. ഒരുകിലോ കോഴിയിറച്ചിക്ക് ഒരു മാസം മുമ്പ് ഇസ്ലാമാബാദിലെ വില 900 രൂപ മുതൽ 1,200 രൂപ വരെയാണ്. സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ ഇത് വീണ്ടും ഉയർന്നിട്ടുണ്ട്. 250 ഗ്രാം ചെറുനാരങ്ങ പാകിസ്താനിൽ വില്ക്കുന്നത് 234 പാകിസ്താനി രൂപയ്ക്കാണ്. ഒരു കിലോയുടെ വില 1,000 രൂപയ്ക്കടുത്ത് വരും.
ഇന്ത്യയുമായുള്ള സംഘർഷം കനക്കുന്നതിനിടെ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ പെട്രോൾ പമ്പുകൾ അടച്ചിരുന്നു. 48 മണിക്കൂർ നേരത്തേക്ക് പമ്പുകൾ അടച്ചിടാൻ ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. ഈ നീക്കത്തിന് പിന്നിലെ കാരണം ഉത്തരവിൽ വ്യക്തമല്ലെങ്കിലും പാകിസ്താൻ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് കടക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താൻ ഭക്ഷ്യക്ഷാമത്തിന്റെയും നിഴലിലാണെന്ന് സൂചനകളുണ്ട്.
Discussion about this post