ശബരിമല ദർശനത്തിനായി ഈ ആഴ്ച തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തും. ഈ മാസം 18 ന് കോട്ടയത്ത് എത്തി 19 ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ രാഷ്ട്രപതി കേരളത്തിൽ എത്തുമെന്നാണ് വിവരം.
ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദർശനത്തിനെത്തുന്നത്. മെയ് 18 ന് എത്തുന്ന രാഷ്ട്രപതി പാല സെൻറ് തോമസ് കോളജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. കോട്ടയം കുമരകത്ത് രാത്രി തങ്ങുന്ന രാഷ്ട്രപതി മെയ് 19 ന് ഹെലികോപ്റ്ററിൽ നിലയ്ക്കലെത്തും. അവിടെ നിന്നും റോഡ് മാർഗം പമ്പയിലെത്തി കാൽനടയായി ശബരിമലയിലേക്കും പോകുമെന്നാണ് വിവരം
നേരത്തെ രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ചു സംസ്ഥാന സർക്കാർ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മെയ് 18 ന് സംസ്ഥാനത്തെത്തി 19 ന് സന്ദർശനം നടത്തി മടങ്ങാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതു കണക്കിലെടുത്ത് 18-19 തീയതികളിൽ ശബരിമല വെർച്വൽ ക്യു ബുക്കിംഗ് ഒഴിവാക്കുകയും ഭക്തർക്ക് സന്ദർശന നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post