ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്താന് അതിർത്തി ഭേദിക്കാൻ നൂറുകണക്കിന് ഡ്രോണുകൾ നൽകി സഹായിച്ച തുർക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്ലോബൽ ടൈംസിനും സിൻഹുവയ്ക്കും പിന്നാലെ തുർക്കി മാദ്ധ്യമത്തിന്റെ എക്‌സ് അക്കൗണ്ടിനും ഇന്ത്യയിൽ വിലക്ക്. ടർക്കിഷ് ബ്രോഡ്കാസ്റ്ററായ ടിആർടി വേൾഡിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടാണ് ഇന്ത്യ ബ്ലോക്ക് ചെയ്തത്. പാകിസ്താൻ അജണ്ടകളെ പിന്തുണച്ചതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് മാദ്ധ്യമങ്ങളായ ഗ്ലോബൽ ടൈംസിന്റെയും സിൻഹുവ ന്യൂസ് ഏജൻസിയുടെയും ഔദ്യോഗിക എക്സ് അക്കൗണ്ടുകളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.
ഇതിനോടൊപ്പം തുർക്കിയെയും അസർബൈജാനെയും ബഹിഷ്‌കരിക്കാനുള്ള ക്യാംപയിൻ ഇന്ത്യയിൽ ശക്തമാകുന്നുണ്ട്. ടൂറിസത്തിലൂടെ വലിയൊരു തുക സമ്പാദിക്കുന്ന ഈ രണ്ട് രാജ്യങ്ങളും സന്ദർശിക്കരുതെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങൾ സന്ദർശിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ ഫ്ളൈറ്റ് – ഹോട്ടൽ ബുക്കിംഗുകളും നിർത്തിവെച്ചതായി ഓൺലൈൻ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു.
തുർക്കിയിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരിൽ ഏകദേശം 22 ശതമാനം പേരും അസർബൈജാനിലേക്കുള്ളതിൽ 30 ശതമാനത്തിന് മുകളിൽ പേരും യാത്ര റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഓരോ യാത്രക്കാരനിൽ നിന്ന് 60,000-70,000 രൂപ കണക്കാക്കിയാലും ഏകദേശം 2,500 മുതൽ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചിരുന്നത്.
അതേസമയം രാജ്യത്ത് തുർക്കി ആപ്പിളിനും അനോദ്യോഗിക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പഴക്കച്ചവടക്കാർ, പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുർക്കിയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളുകൾ ഇനി വിൽക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം, ഇതിനെ പിന്തുണച്ച് നാട്ടുകാരും എത്തിയതോടെ നിരോധനം പൂർണമായി.
Discussion about this post