ജനീവ: അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് പാകിസ്താന് വീണ്ടും സാമ്പത്തിക സഹായം. ഇന്ത്യയുടെ കടുത്ത എതിർപ്പിനിടെയാണ് കയ്യയച്ചുള്ള ഈ സഹായം. വായ്പാ പദ്ധതിയായ എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം രണ്ടാം ഗഡുവായ 8,700 കോടി രൂപ (1.02 ബില്യൺ ഡോളർ) ആണ് ഐഎംഎഫ്, പാകിസ്താന് നൽകുന്നത്. ഇതോടെ ഇഎഫ്എഫ് പദ്ധതി പ്രകാരം ഐഎംഎഫ് പാകിസ്താന് നൽകിയ തുക 17,931 കോടിയിലെത്തി (2.1 ബില്യൺ ഡോളർ)
പാകിസ്താന്റെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനാണ് ഇക്കാര്യം അറിയിച്ചത്. വിദേശനാണ്യ കരുതൽശേഖരത്തിൽ തുക കാണിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. 2024 സെപ്റ്റംബറിൽ ആരംഭിച്ച് 37 മാസത്തേക്ക് നീണ്ടുനിൽക്കുന്ന ഏഴ് ബില്യൺ ഡോളറിന്റെ ഐഎംഎഫ് വായ്പാ കരാറാണിത്. ഇതിൻറെ രണ്ടാം ഗഡുവിന്റെ ഭാഗമായാണ് ഈ തുക ലഭിച്ചിരിക്കുന്നത്.
അതേസമയം വരാനിരിക്കുന്ന പാകിസ്താൻ ബജറ്റിനെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) വെർച്വൽ ചർച്ച നടത്തും. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണമാണ് പാകിസ്താനിലേക്കുള്ള ദൗത്യസംഘത്തിന്റെ സന്ദർശനം വൈകിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post