ആലപ്പുഴ : മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. 1989ൽ കെ വി ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്നായിരുന്നു ജി സുധാകരൻ വെളിപ്പെടുത്തിയിരുന്നത്.
ജി സുധാകരന്റെ ഈ വെളിപ്പെടുത്തൽ ചർച്ചയായതോടെ ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് സിപിഎം നേതാവിനെതിരെ കേസെടുത്തത്. ഐപിസി, ജനപ്രാതിനിധ്യ നിയമങ്ങള്‍ പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് തപാൽ വോട്ടിൽ കൃത്രിമം നടത്തിയതായി ജി സുധാകരൻ വ്യക്തമാക്കിയിട്ടുള്ളത്. പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് തിരുത്തി എന്നാണ് വർഷങ്ങൾക്കുശേഷം അദ്ദേഹം വെളിപ്പെടുത്തിയത്.
എന്നാൽ വിവാദമായതോടെ ഈ പ്രസ്താവന ജി സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി കണ്ട് നടപടികൾ തുടരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
Discussion about this post