വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് എംപി ശശി തരൂർ എം.പി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. ഈ വിഷയത്തിൽ രാഷ്ട്രീയം കാണുന്നില്ല. 88 മണിക്കൂർ നീണ്ട യുദ്ധം നമ്മൾ കണ്ടതാണ്.ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. ഭാരതം ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണം. ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും.തന്നെ അങ്ങനെ ആർക്കും അപമാനിക്കാൻ കഴിയില്ല. തനിക്ക് തന്റേതായ വിലയുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. തന്റെ കഴിവിനെ കുറിച്ചോ കഴിവില്ലായ്മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായം നേതൃത്വത്തിന് ഉണ്ടാകാം. അത് അവരോട് ചോദിച്ചാൽ മതി. ഇത് സർക്കാരിന്റെ പരിപാടിയാണ്. സർക്കാരാണ് ആളുകളെ തിരഞ്ഞെടുത്ത് അയക്കുന്നത്. അപ്പോൾ സർക്കാരിന്റെ അഭിപ്രായം ഒരുപക്ഷെ വേറെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു പാർലമെന്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷൻ കൂടിയാണ്. കോൺഗ്രസും സർക്കാരും തമ്മിലാണ് പ്രശ്നമെന്നും തരൂർ പറഞ്ഞു. തന്നെ വിളിച്ചത് കേന്ദ്രമന്ത്രി കിരൺ റിജിജുവാണെന്നും സർക്കാർ ഒരു പൗരനോട് ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണ്ടതുണ്ടെന്നുമാണ് ശശി തരൂർ പറഞ്ഞത്. ദേശ സ്നേഹം പൗരന്മാരുടെ കടമയാണ്, ഇപ്പോൾ സർക്കാർ എന്റെ സേവനം ആവശ്യപ്പെടുന്നു ഞാൻ അതിൽ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post