ചണ്ഡീഗഢ് : പാകിസ്താൻ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പാകിസ്താന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന തുർക്കിയുമായുള്ള എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കുകയാണ് ഇന്ത്യൻ സ്ഥാപനങ്ങൾ. തുർക്കിയിലെ വിദ്യാഭ്യാസ മേഖല ഇന്ത്യൻ സർവ്വകലാശാലകളെ കാര്യമായി തന്നെ ആശ്രയിക്കുന്നുണ്ട് . എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദേശീയ സുരക്ഷ മുൻനിർത്തി തുർക്കിയുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കുകയാണ് ഇന്ത്യൻ സർവ്വകലാശാലകൾ.
തുർക്കിയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ തുർക്കിയും അസർബൈജാനുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കുകയാണെന്ന് ചണ്ഡീഗഡ് സർവകലാശാലയും വ്യക്തമാക്കി. പാകിസ്ഥാൻ അനുകൂല നിലപാടുകളുടെ പേരിലാണ് തുർക്കിക്കും അസർബൈജാനും എതിരെ ഇന്ത്യൻ സർവ്വകലാശാലകൾ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
തുർക്കിയും അസർബൈജാനുമായുള്ള 23 അക്കാദമിക് ധാരണാപത്രങ്ങളും റദ്ദാക്കിയതായി ചണ്ഡീഗഡ് സർവകലാശാല അറിയിച്ചു. 2025 ജനുവരിയിൽ അങ്കാറയിൽ ദിരിം ബെയാസിത് സർവകലാശാലയുമായി ഒപ്പുവച്ച ധാരണാപത്രം ഉൾപ്പെടെ ഈ ധാരണാപത്രങ്ങളെല്ലാം അഞ്ച് വർഷത്തേക്ക് നീണ്ടുനിൽക്കേണ്ടതായിരുന്നു. സർവകലാശാലയുടെ ദർശനം എല്ലായ്പ്പോഴും ‘രാഷ്ട്രം ആദ്യം’ എന്നതാണ്. ദേശീയ താല്പര്യം എന്ന ആശയത്തിൽ ഉറച്ചുനിൽക്കുന്നതിനാലാണ് തുർക്കിയും അസർബൈജാനുമായുള്ള സഹകരണങ്ങൾ അവസാനിപ്പിക്കുന്നത് എന്ന് ചണ്ഡീഗഢ് സർവകലാശാലയുടെ ചാൻസലറും എംപിയുമായ സത്നാം സിംഗ് സന്ധു വ്യക്തമാക്കി.
Discussion about this post