പാകിസ്താന് വേണ്ടി ചാരപ്പണി എടുത്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്താനിലും തായ്‌ലാൻഡിലും ബംഗ്ലാദേശിലും തുടരെ തുടരെ സന്ദർശനം നടത്തി വ്‌ളോഗുകൾ ചെയ്തിരുന്ന ജ്യോതി, ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച കൂട്ടത്തിൽ കേരളത്തിലും എത്തി. കൊച്ചി,മൂന്നാർ,ആലപ്പുഴ എന്നിവടങ്ങൾ സന്ദർശിച്ച ജ്യോതിയുടെ വീഡിയോകളും യൂട്യൂബിലുണ്ട്.കണ്ണൂരിൽ തെയ്യം കാണുന്നതിന്റെയും കേരളസാരി അണിയുന്നതിന്റെയും വീഡിയോകളാണ് ഉള്ളത്.
കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ വ്‌ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ജ്യോതി റാണിയെന്നാണ് യഥാർത്ഥ പേര്. ട്രാവൽ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്‌സുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കിൽ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്‌സുണ്ട്.
2023 ൽ ഡൽഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷിന്റെ സഹായത്തോടെയാണ് ജ്യോതി പാകിസ്താനിലേക്ക് പോയത്. ഡാനിഷ് പരിചയപ്പെടുത്തിയ ചിലരാണ് അവിടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ ജ്യോതിയെ സഹായിച്ചത്. പാകിസ്താനെ പുകഴ്ത്തി പോസ്റ്റ് ചെയ്ത നിരവധി വീഡിയോകളും അറസ്റ്റിൽ നിർണായകമായിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ പേഴ്സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിക്കുകയും 2025 മെയ് 13 ന് പുറത്താക്കുകയും ചെയ്തിരുന്നു.
ജ്യോതിയെ നിരവധി പാക് ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ഡാനിഷ് പരിചയപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൊരാൾക്കൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. യൂട്യൂബിൽ 377ഗ സബ്സ്‌ക്രൈബർമാരുള്ള ആളാണ് ജ്യോതി മൽഹോത്ര.
ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അവർ പങ്കുവെച്ചതായും സോഷ്യൽ മീഡിയ പാകിസ്താനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദർശിപ്പിക്കാൻ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെ ജ്യോതി, ഷാക്കിർ എന്ന റാണ ഷഹബാസ് ഉൾപ്പെടെയുള്ള പ്രവർത്തകരുമായി ബന്ധം പുലർത്തി. ഇയാളുടെ നമ്പർ ‘ജാട്ട് രൺധാവ’ എന്നാണ് അവർ സേവ് ചെയ്തിരുന്നത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923 ലെ ഒഫിഷ്യൽ സീക്രട്ട് ആക്റ്റ് സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രേഖാമൂലമുള്ള കുറ്റസമ്മതം സമർപ്പിച്ചതിന് ശേഷം കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്
Discussion about this post