തിരുവനന്തപുരം മെഡിക്കൽ കോളജിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.
വ്യാഴാഴ്ച ഹോസ്റ്റലിൽ വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജിറ്റേറിയൻ ഭക്ഷണവും നൽകിയിരുന്നു. ഇതിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബട്ടർ ചിക്കനും െ്രെഫഡ്‌റൈസുമാണ് ഭക്ഷണമായി നൽകിയത്. ഇതിൽ ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പലരും ഛർദിയും വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.
സംഭവത്തിൽ ആശങ്ക വേണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ. ഭക്ഷ്യവിഷബാധയാണോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായില്ല. വിദ്യാർത്ഥിനികൾക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. യു അനുജ അറിയിച്ചു. 600ലധികം വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണത്തിനുപുറമേ വിദ്യാർത്ഥിനികൾ പുറത്തു പോയി കഴിക്കാറുമുണ്ട്. ഭക്ഷ്യവിഷബാധയാണെങ്കിൽ തന്നെ ഹോസ്റ്റലിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചപ്പോഴാണോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്നും വ്യക്തമല്ല. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോസ്റ്റലിൽ പരിശോധന നടത്തി ഭക്ഷണം തയ്യാറാക്കുന്നതിലും ശുദ്ധമായ കുടിവെള്ളം നൽകുന്നതിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഫുഡ് സേഫ്റ്റി, മൈക്രോ ബയോളജി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങളും നടന്നുവരുന്നു’ ഡോ അനുജ അറിയിച്ചു.
Discussion about this post