ഹൈദരാബാദ് : തെലങ്കാനയിലെ ഹൈദരാബാദിൽ തീപിടുത്തത്തെ തുടർന്ന് 17 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുഃഖകരമായ ഈ അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും നൽകും.
ഞായറാഴ്ച ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാർമിനാറിനടുത്ത് ഗുൽസാർ ഹൗസിന് സമീപമുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. എട്ട് കുട്ടികൾ ഉൾപ്പെടെ 17 പേരാണ് ഈ അപകടത്തിൽ മരിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തമാണ് വലിയ ദുരന്തത്തിന് കാരണമായത്.
തീ അണയ്ക്കാൻ രണ്ട് മണിക്കൂറും 11 ഫയർ ടെൻഡറുകളും എടുത്തുവെന്ന് തെലങ്കാന സംസ്ഥാന ദുരന്ത പ്രതികരണ, അഗ്നിശമന സേവന ഡയറക്ടർ ജനറൽ വൈ നാഗി റെഡ്ഡി വ്യക്തമാക്കി. ഇടുങ്ങിയ പ്രവേശന കവാടവും പടിക്കെട്ടുമുള്ള തുരങ്കം പോലുള്ള ഇടവഴിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത് രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. ഇടുങ്ങിയ വഴി ആയിരുന്നതാണ് ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാതെ വലിയ തടസ്സം സൃഷ്ടിച്ചത്. താമസക്കാർ ഉറങ്ങുന്ന സമയത്ത് ആയിരുന്നു തീപിടുത്തം ഉണ്ടായത് എന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.
Discussion about this post