ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഷമി യോഗിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ യോഗി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ മുഹമ്മദ് ഷമി ബിജെപിയിൽ ചേരുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
നിലവിൽ ഐപിഎല്ലിന്റെ തിരക്കുകൾക്കിടയിലും ഷമി യോഗി ആദിത്യനാഥിനെ കാണാൻ സമയം കണ്ടെത്തിയത് രാഷ്ട്രീയ പ്രവേശന ചർച്ചകളുടെ തുടക്കം ആണെന്നാണ് കരുതപ്പെടുന്നത്. ക്രിക്കറ്റിൽ നിന്നും വിരമിച്ചാൽ ബിജെപിയിൽ ചേർന്നേക്കും എന്ന രീതിയിലുള്ള ആഭ്യൂഹങ്ങളും ശക്തമാണ്. ഉത്തർപ്രദേശിലെ അംരോഹ സ്വദേശിയാണ് മുഹമ്മദ് ഷമി.
മുഹമ്മദ് ഷമിയോടുള്ള ബഹുമാനർത്ഥം അംരോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കുമെന്ന് നേരത്തെ ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും പിന്നാലെ വൈകാതെ തന്നെ മുഹമ്മദ് ഷമിയും ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഷമി തള്ളിക്കളഞ്ഞിരുന്നെങ്കിലും വിരമിക്കലിനു ശേഷം രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ് താരം എന്നാണ് സൂചന.
Discussion about this post