ചണ്ഡീഗഡ് : പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെ ആക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട പ്രൊഫസർ അറസ്റ്റിൽ. ഹരിയാനയിലെ സോനിപത്തിലെ അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായ അലി ഖാൻ മഹ്മൂദാബാദ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഹരിയാനയിലെ യുവമോർച്ച നേതാവ് നൽകിയ പരാതിയെ തുടർന്നാണ് മഹ്മൂദാബാദിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
ഓപ്പറേഷൻ സിന്ദൂറിനെയും നടപടികൾ വിശദീകരിച്ച വനിതാ സൈനിക ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്ന രീതിയിലായിരുന്നു ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നത്. വനിതാ സൈനിക ഉദ്യോഗസ്ഥർക്ക് നേരെയുള്ള അലി ഖാൻ മഹ്മൂദാബാദിന്റെ പരാമർശങ്ങൾക്ക് ഹരിയാന വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ജോലിചെയ്യുന്ന അശോക സർവകലാശാലയും ഇയാൾക്കെതിരെ നടപടിയെടുക്കും.
രണ്ട് തവണ കോൺഗ്രസ് എംഎൽഎ ആയിരുന്ന മുഹമ്മദ് അമീർ മുഹമ്മദ് ഖാന്റെ മകനാണ് അറസ്റ്റിലായിട്ടുള്ള അലി ഖാൻ മഹ്മൂദാബാദ്. ഉത്തർപ്രദേശിലെ അവധ് മേഖലയിലുള്ള ഇന്ത്യയിലെ പ്രമുഖ രാജകുടുംബങ്ങളിൽ ഒന്നാണ് ഇയാളുടെ കുടുംബം. മഹ്മൂദാബാദിന്റെ മുത്തച്ഛനായ മുഹമ്മദ് അമീർ അഹമ്മദ് ഖാൻ, മഹ്മൂദാബാദിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു. മുൻ ജമ്മു കശ്മീർ ധനമന്ത്രി ഹസീബ് ദ്രബുവിന്റെ മകളാണ് അറസ്റ്റിലായിട്ടുള്ള അലി ഖാൻ മഹ്മൂദാബാദിന്റെ ഭാര്യ.
Discussion about this post