ന്യൂഡൽഹി; പാകിസ്താൻ സുവർണ്ണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചുവെന്നും എന്നാൽ അവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടുവെന്നും വെളിപ്പെടുത്തൽ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് 8 ന് രാത്രിയിൽ പാകിസ്താൻ സൈന്യം ദീർഘദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് അമൃത്സറിലെ സുവർണ്ണ ക്ഷേത്രം തകർക്കാൻ ശ്രമിച്ചു. എന്നാൽ ശത്രുവിന് ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ (എഡി) കവചം കടക്കാൻ കഴിഞ്ഞില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
പാകിസ്താൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു സുവർണ്ണ ക്ഷേത്രമെന്ന് അമൃത്സറിലെ ഇൻഫൻട്രി ഡിവിഷൻ കമാൻഡറായ മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി വ്യക്തമാക്കി. അവർക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. എങ്കിലും ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെയും മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളെയും പാകിസ്താൻ ലക്ഷ്യം വയ്ക്കുമെന്ന് സൈന്യത്തിന് അറിയാമായിരുന്നു.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗോൾഡൻ ടെമ്പിൾ ആയിരുന്നു. അവർ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്ന ഒരു പ്രധാന ലക്ഷ്യമാണിതെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരവും നമുക്ക് ലഭിച്ചു,” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
” രാത്രി സമയങ്ങളിൽ ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്താൻ വൻ വ്യോമാക്രമണം നടത്തി. ഇത് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നതിനാൽ ഇന്ത്യൻ സൈന്യം പൂർണ്ണമായും തയ്യാറെടുത്തിരുന്നു. ജാഗ്രത പുലർത്തിയ ആർമി എയർ ഡിഫൻസ് ഗണ്ണർമാർ പാകിസ്താൻ സൈന്യത്തിന്റെ ദുഷ്ട പദ്ധതികളെ എല്ലാം അനായാസേന പരാജയപ്പെടുത്തി. സുവർണ്ണ ക്ഷേത്രം ലക്ഷ്യമിട്ടുള്ള ഓരോ ഡ്രോണുകളും മിസൈലുകളും വെടിവച്ചു നിഷ്ഫലമാക്കി. വിശുദ്ധ സുവർണ്ണ ക്ഷേത്രത്തിന് ഒരു പോറൽ പോലും വീഴ്ത്താൻ നമ്മൾ അനുവദിച്ചില്ല,” ശേഷാദ്രി കൂട്ടിച്ചേർത്തു.
മെയ് 7 ന് പുലർച്ചെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ, 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ പ്രതികരണമായിരുന്നു.ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകൾ തകർത്തു.
ബഹാവൽപൂരിലെ മർകസ് സുബ്ഹാനല്ല, മുരിദ്കെയ്ക്കടുത്തുള്ള മർകസ് തൈബ, സിയാൽകോട്ടിലെ മെഹ്മൂന ജോയ, മുസാഫറാബാദിലെ സവായ് നാല, സയ്യിദ് ന ബിലാൽ, കോട്‌ലിയിലെ ഗുൽപൂർ, അബ്ബാസ്, ഭിംബറിലെ ബർണാല, സർജൽ എന്നിവയായിരുന്നു ഇന്ത്യൻ സൈന്യം ആക്രമിച്ച ഒമ്പത് ഭീകര ക്യാമ്പുകൾ.
Discussion about this post