ന്യൂഡൽഹി : ഇന്ത്യ പാകിസ്താൻ സംഘർഷത്തെ തുടർന്ന് ചാരപ്രവർത്തനത്തിന് നിരവധി പേരാണ് അറസ്റ്റിലായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്റലിജന്റ്സ് ഏജൻസികൾ മറ്റ് സുരക്ഷ സംവിധാനങ്ങളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേർ അറസ്റ്റിലായത്. പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇൻ്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിപുലമായ ചാരശൃംഖലയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
യൂട്യൂബർ ജ്യോതി മൽഹോത്ര
ജ്യോതി മൽഹോത്ര മൂന്ന് തവണയാണ് പാകിസ്ഥാനിലേക്ക് പോയത് – ഇതിൽ രണ്ട് തവണ സിഖ് തീർത്ഥാടക ഗ്രൂപ്പുകളുടെ ഭാഗമായിട്ടായിരുന്നു. പാക് എംബസി എംബസി ജീവനക്കാരിയായ ഡാനിഷുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഡാനിഷിനൊപ്പം ജ്യോതി ഇന്തോനേഷ്യ, ബാലി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. തന്ത്രപ്രധാനമായ പല വിവരങ്ങൾ ജ്യോതി ഡാനിഷിനു കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്കും യാത്ര നടത്തിയ ജ്യോതി ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങളുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ബിസിനസുകാരൻ ഷഹ്‌സാദ്
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നുള്ള ബിസിനസുകാരൻ ഷഹ്സാദിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ് പോലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ആണ് മൊറാദാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യുമായി ബന്ധപ്പെട്ട് അതിർത്തി കടന്നുള്ള ചാര പ്രവർത്തനത്തിലും കള്ളക്കടത്തിലും ഇയാൾ ഉൾപ്പെട്ടെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.
ഗസാല
പാകിസ്താൻ ഹൈക്കമ്മീഷനിൽ വിസക്ക് വേണ്ടി എത്തിയ ഗസാല പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി പരിചയപ്പെട്ടു. തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കുകളെക്കുറിച്ചും കവചിത വാഹനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഡാനിഷിനു നൽകാൻ തുടങ്ങി. ഇവരുടെ അക്കൗണ്ടിലേക്ക് യുപിഐ ഇടപാട് വഴി പണമെത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ പാക് ഹൈക്കമ്മീഷൻ ഓഫീസ് സന്ദർശിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
ദേവേന്ദ്ര സിംഗ് ധില്ലൺ
പഞ്ചാബിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ദേവേന്ദ്ര സിംഗ് 2023 ൽ പാകിസ്ഥാനിലെ നങ്കാന സാഹിബിലേക്ക് പോയിരുന്നു. ഇതിനിടെ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തിരിച്ചെത്തിയതിനു ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ പാക് ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് കണ്ടെത്തിയത്.
നൗമാൻ ഇലാഹി
ഉത്തർപ്രദേശിൽ നിന്നുള്ള 24 കാരനായ ഇലാഹി, പാനിപ്പത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ അവിടെ ഇഖ്ബാൽ എന്ന എന്ന പാകിസ്ഥാൻ ചാരനുമായി ബന്ധപ്പെട്ടു. തുടർന്ന് പല സൈനിക വിവരങ്ങളും കൈമാറി.. നൗമാൻ ഇലാഹിയുടെ കൈവശം എട്ട് പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നു, നാല് തവണ പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. സൈനിക നീക്കങ്ങളെയും ട്രെയിൻ റൂട്ടുകളെയും കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ഇയാൾ കൈമാറി. നൗമാന്റെ ബന്ധുക്കളിൽ ചിലർ പാകിസ്ഥാനിലാണ് താമസിക്കുന്നത്, ഇത് ഇയാൾക്ക് അതിർത്തി കടന്നുള്ള ചാരപ്രവർത്തനത്തെ സഹായിച്ചു. ഇഖ്ബാലിന്റെ കൂട്ടാളിയായ കലീം അറസ്റ്റിലായതോടെയാണ് അന്വേഷണം നൗമാൻ ഇലാഹിയിലേക്ക് എത്തിയത്.
മുർതാസ
പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് ബിഹാർ സ്വദേശിയായ മുർതാസ അറസ്റ്റിലായത്. , ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ അതിർത്തിക്കപ്പുറത്തുള്ള പാക് ചാരന്മാർക്ക് ഇന്ത്യൻ വാർത്താ ക്ലിപ്പുകളും പ്രധാനപ്പെട്ട വിവരങ്ങളും കൈമാറുന്ന ഒരു ആപ്പ് സൃഷ്ടിച്ചതിൽ ഇയാൾ പങ്കാളിയായി. “ഒരു മാസത്തിനുള്ളിൽ 40 ലക്ഷം രൂപയുടെ ഇടപാടുകളാണ് ഇയാളുടെ അക്കൗണ്ടിൽ വന്നത്. ഇയാളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, സംശയാസ്പദമായ വീഡിയോകളുടെ ഒരു ശേഖരം എന്നിവയും പോലീസ് പിടിച്ചെടുത്തു.
അർമാൻ
ഹരിയാനയിലെ നുഹിൽ നിന്നാണ് അർമാൻ എന്ന വിദ്യാർത്ഥി അറസ്റ്റിലായത്. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ജീവനക്കാരനിലൂടെ ഇന്ത്യൻ സൈന്യത്തെയും മറ്റ് സൈനിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെക്കുകയായിരുന്നു.
പ്രിയങ്ക സേനാപതി
ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്ലോഗറാണ് പ്രിയങ്ക സേനാപതി. ഇവർ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട്. ജ്യോതിക്കൊപ്പം കശ്മീരും കേരളവും സന്ദർശിക്കാൻ ഇവരുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെപ്പറ്റി കൂടുതൽ അന്വേഷണത്തിലാണ് ഏജൻസികൾ
പഞ്ചാബിലെ അമൃത്സറിലെ താമസക്കാരായ പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെ ഈ മാസം ആദ്യം അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു. സൈനിക നീക്കങ്ങളുടെയും തന്ത്രപ്രധാന സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സൈനിക വിവരങ്ങൾ ഐഎസ്‌ഐക്ക് ചോർത്തി നൽകിയതിനെ തുടർന്ന് പഞ്ചാബിലെ ഗുരുദാസ്പൂർ നിവാസിയായ സുഖ്‌പ്രീത് സിംഗും അറസ്റ്റിലായിട്ടുണ്ട്. ഇതേ കുറ്റത്തിന് ഗുരുദാസ്പൂരിൽ നിന്നുള്ള കരൺബീർ സിംഗും അറസ്റ്റിലായിട്ടുണ്ട്.
Discussion about this post