ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ എന്ന് റിപ്പോർട്ടുകൾ.ലാഹോറിലെ വസതിയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഹംസ.
അഫ്ഗാൻ മുജാഹിദീനിലെ ഒരു മുതിർന്ന നേതാവാണ് അമീർ ഹംസ, ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന ഭീകരനായി പണ്ടേ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. തീക്ഷ്ണമായ പ്രസംഗങ്ങൾക്കും രചനകൾക്കും പേരുകേട്ട ഇയാൾ ലഷ്കർ-ഇ-തൊയ്ബയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു,
അമേരിക്കൻ ട്രഷറി വകുപ്പ് ലഷ്കർ-ഇ-തൊയ്ബയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അമീർ ഹംസയെ ഭീകരനായി പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ കേന്ദ്ര കമ്മിറ്റിയിൽ ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തടവിലാക്കപ്പെട്ട തീവ്രവാദികളുടെ മോചനത്തിനായുള്ള ഫണ്ട് ശേഖരണം, റിക്രൂട്ട്മെന്റ്, ചർച്ചകൾ എന്നിവയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
2018-ൽ, ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവയ്‌ക്കെതിരെ പാകിസ്താൻ സാമ്പത്തിക നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന്, ഹംസ ലഷ്‌കറിൽ നിന്ന് അകന്നു. തുടർന്ന് ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ തുടരുന്നതിനായി ജെയ്‌ഷെ-ഇ-മൻഖാഫ എന്ന പേരിൽ ഒരു വിഭജന ഗ്രൂപ്പ് സ്ഥാപിച്ചു.ഈ സംഘം പാകിസ്താനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ഹംസ ലഷ്കർ ഇ തൊയ്ബ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും പറയുന്നു.
Discussion about this post