Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency
ഇന്ത്യയിലെ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരപ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായി, സംഘടനയുടെ ഏറ്റവും ഉന്നത നേതാവും സി പി ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനുമായ നമ്പാല കേശവ റാവു എന്ന ബസവരാജു (67) ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഒരു കോടി രൂപയിലധികം തലയ്ക്ക് വിലയിട്ടിരുന്ന നമ്പാല കേശവ റാവു, ബസവരാജു, ഗഗണ്ണ എന്ന പേരുകളിലൊക്കെ അറിയപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെ ബസ്തർ ഡിവിഷനിലെ അബുജ്മാഡ് വനമേഖലയിൽ നടന്ന അതീവ രഹസ്യവും നിർണായകവുമായ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജിയാനപേട്ട സ്വദേശിയായ നമ്പാല കേശവ റാവു 1955ലാണ് ജനിച്ചതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. എൺപതുകളുടെ തുടക്കത്തിൽ വാറംഗൽ റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുമ്പോൾ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് നമ്പാല കേശവ റാവു രാഷ്ട്രീയപ്രവേശം നടത്തിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ ദേശീയതലത്തിൽ പേരെടുത്ത വോളീബോൾ കളിക്കാരനുമായിരുന്നു ഇയാൾ. കോളേജിൽ വച്ച് എ ബി വി പി സംഘടനാംഗങ്ങളായ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച കേസിൽ ഇയാളെ ആ സമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആ ഒരൊറ്റത്തവണ മാത്രമാണ് ഇയാൾ പോലീസിൻ്റെ പിടിയിലായിട്ടുള്ളത്. ബിടെക് ബിരുദം നേടിയ ശേഷം കേശവ റാവു മാവോയിസത്തിൽ ആകൃഷ്ടനായി.
കോളേജിൽ വച്ച് എ ബി വി പി വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ മാത്രമാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽ ആയിട്ടുള്ളത്. അന്ന് മുതൽ ഇന്ന് വരെ ഇയാൾ എവിടെയാണ് കഴിയുന്നതെന്നോ എവിടെ നിന്നാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നോ കണ്ടെത്താൻ സുരക്ഷാസേനകൾക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. വിദ്യാർത്ഥി ജീവിതത്തിന് ശേഷം പൊതുധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീവ്രത പോരെന്ന് തോന്നിയ ഇയാൾ പീപ്പിൾസ് വാർ ഗ്രൂപ്പിലൂടെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി.
ഏത് ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്ത കേശവറാവു പെട്ടെന്ന് തന്നെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സൈനിക വിഭാഗങ്ങളുടെ തലപ്പത്തേക്ക് ഉയർന്നു. 2004-ൽ പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെൻ്റർ ഓഫ് ഇന്ത്യയും (എംസിസിഐ) ലയിച്ച് സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിച്ചപ്പോൾ, ബസവരാജു ആ സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായി. 2018-ൽ ഗണപതി എന്ന മുപ്പല്ല ലക്ഷ്മണ റാവു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ബസവരാജു കമ്യൂണിസ്റ്റ് മാവോയിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായത്. ബസവരാജുവിനെ നേതൃനിരയയിലേക്ക് ഉയത്തിക്കൊണ്ട് വന്നതും മുപ്പല്ല ലക്ഷ്മണ റാവു ആയിരുന്നു.
തന്ത്രപരമായ നീക്കങ്ങൾക്കും ക്രൂരമായ ആക്രമണങ്ങൾക്കും നേതൃത്വം നൽകുന്നതിൽ കുപ്രസിദ്ധനായിരുന്നു ബസവരാജു. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്ന് കരുതപ്പെടുന്നു. ഗറില്ലാ യുദ്ധതന്ത്രങ്ങളിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഇയാൾ, സംഘടനയുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലും പുതിയ കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിലും നിർണായക പങ്ക് വഹിച്ചു.
ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ബസവരാജുവായിരുന്നു. സദാ സമയവും കൈയ്യിൽ എ കെ 47 തോക്കുമായി നടക്കുന്ന ഇയാൾക്ക് ആറടിയിൽ അധികം ഉയരമുണ്ടായിരുന്നതായും പോലീസ് രേഖകൾ സൂചിപ്പിക്കുന്നു. ഇയാളുടെ മുൻഗാമിയായിരുന്ന ഗണപതി എന്ന മുപ്പല്ല ലക്ഷ്മണ റാവു ആശയപരമായ നേതൃത്വമാണ് നൽകിയിരുന്നത്. പൊതുവേ പ്രായോഗികബുദ്ധിയുള്ള ഗണപതി മറ്റ് മാവോയിസ്റ്റ് ഘടകങ്ങൾക്കിടയിലും സ്വീകാര്യനുമായിരുന്നു. എന്നാൽ ബസവരാജു ആക്രമണങ്ങളിലും എതിരാളികളെ ശാരീരികമായി അടിച്ചമർത്തുന്നതിലും ഉന്മൂലനത്തിലും ആണ് പ്രധാനമായും ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ സംഘടനയ്ക്കുള്ളിലും അംഗങ്ങൾ ഭീതിയോടെയാണ് ഇയാളെ കണ്ടിരുന്നത്.
ക്രൂരമായ തന്ത്രങ്ങളുടെ സൂത്രധാരൻ:
2013-ൽ ജാർഖണ്ഡിലെ ലാത്തേഹറിൽ നടന്ന കുപ്രസിദ്ധ ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ബസവരാജു ആയിരുന്നു എന്ന് പറയപ്പെടുന്നു. ഈ സംഭവത്തിൽ, മാവോയിസ്റ്റ് പിടിയിലായി വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ്റെ ശരീരത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ വയർ കീറി ഫോട്ടോസെൻസിറ്റീവ് സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയുണ്ടായി. പ്രകാശം പതിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് രക്ഷാപ്രവർത്തനത്തിനെത്തുന്ന സുരക്ഷാ സേനാംഗങ്ങളും ഡോക്ടർമാരും കൊല്ലപ്പെടണം എന്നതായിരുന്നു ഇതിന് പിന്നിലെ ക്രൂരമായ ലക്ഷ്യം. ഭീകരാക്രമണങ്ങളുടെ ഭാഗമായി എത്ര സാധാരണക്കാരുടെ ജീവഹാനി സംഭവിച്ചാലും അത് അവഗണിക്കണം എന്നായിരുന്നു ബസവരാജുവിൻ്റെ അഭിപ്രായം.
ബസവരാജുവിന്റെ നേതൃത്വത്തിൻ നടന്ന പ്രധാന ഭീകരാക്രമണങ്ങൾ
നിർണായകമായ ഓപ്പറേഷൻ
ബസവരാജുവിന്റെ സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന അബുജ്മാഡ് വനമേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചത്. ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് ഈ അതീവ ദുഷ്കരമായ ദൗത്യത്തിൽ പങ്കാളികളായത്.
മണിക്കൂറുകൾ നീണ്ട ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് ബസവരാജുവിനെയും കൂടെയുള്ളവരേയും വധിക്കാൻ സാധിച്ചത്. കൊല്ലപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഓപ്പറേഷൻ നടന്ന പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.
സാധാരണഗതിയിൽ സുരക്ഷാ സൈനികർ എത്തുമ്പോൾ മുതിർന്ന നേതാക്കളെല്ലാം സുരക്ഷിതസ്ഥാനങ്ങളിൽ ഒളിച്ച ശേഷം അരപ്പട്ടിണിക്കാരായ ആദിവാസികളെ ഭീഷണിപ്പെടുത്തിയും പണനൽകിയും ഉണ്ടാക്കിയ കൂലിപ്പടയാളികളെ മുന്നിൽ നിർത്തിയാണ് കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മുന്തിയ നേതാക്കളുടെ സുരക്ഷിതസ്ഥാനങ്ങൾ ലക്ഷ്യം വച്ച് തന്നെ സുരക്ഷാ സൈനികർ നടത്തിയ ഓപ്പറേഷൻ വലിയ വിജയം കൈവരിച്ചത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കമ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനത്തിന് കനത്ത ആഘാതം
ബസവരാജുവിന്റെ മരണം സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സംഘടനയുടെ സൈനികവും രാഷ്ട്രീയവുമായ തന്ത്രങ്ങൾ മെനയുന്നതിൽ ഏറ്റവും പ്രധാനിയായിരുന്ന നേതാവിനെയാണ് അവർക്ക് നഷ്ടമായിരിക്കുന്നത്. ഇത് മാവോയിസ്റ്റ് ഭീകരരുടെ മനോവീര്യം തകർക്കുമെന്നും സംഘടനയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. സമീപ വർഷങ്ങളിൽ സുരക്ഷാ സേന നടത്തിയ ശക്തമായ നീക്കങ്ങളെ തുടർന്ന് മാവോയിസ്റ്റ് ഭീകരർ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ബസവരാജുവിൻ്റെ വധം.
“നക്സലിസത്തിനെതിരായ ഭാരതത്തിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിൽ ഇതാദ്യമായാണ് ഒരു ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരു നേതാവിനെ നമ്മുടെ സേനകൾ നിർവീര്യമാക്കുന്നത്” എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എടുത്ത് പറഞ്ഞിട്ടുള്ളത് ഈ സംഭവത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
Leave a Comment