പ്രതിനിധിസംഘത്തിന്റെ പനാമ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം വിവാദമാക്കുന്നതിൽ പ്രതികരണവുമായി ശശി തരൂർ.തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും താൻ പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ചാണെന്നും അല്ലാതെ മുൻപ് നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും ശശി തരൂർ എക്‌സിൽ കുറിച്ചു.
പതിവുപോലെ, വിമർശകരും ട്രോളുകളും അവർക്ക് ഉചിതമെന്ന് തോന്നുന്നതുപോലെ എന്റെ വീക്ഷണങ്ങളും വാക്കുകളും വളച്ചൊടിക്കാൻ ശ്രമിക്കുന്നു. അവർക്ക് അത് തുടരാം. തനിക്ക് വേറെ നല്ല ജോലികൾ ചെയ്യാനുണ്ട്. ശുഭരാത്രി. എന്നാണ് വിമർശനങ്ങൾക്ക് ശശി തരൂർ മറുപടിയായി എക്‌സിൽ കുറിച്ചത്. തനിക്ക് അജ്ഞതയെന്ന് ഗർജ്ജിക്കുന്ന ആവേശക്കാർക്കാണ് വിശദീകരണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പനാമയിലെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനു ശേഷം കൊളംബിയയിലേക്ക് പുറപ്പെടുന്നതിനിടെയാണ് ശശി തരൂർ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്.
എനിക്ക് ഇതിനൊന്നും സമയമില്ല. നിയന്ത്രണ രേഖയിൽ ഉടനീളം ഇന്ത്യ നടത്തിയ ധീര പ്രവർത്തികളെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. എന്റെ വാക്കുകൾക്കെതിരെ ആക്രോശിക്കുന്ന തീവ്രചിന്താഗതിക്കാർ അറിയുന്നതിനായി,ഇന്ത്യ നേരിട്ട ഭീകരവാദ ആക്രമണങ്ങൾക്ക് നൽകിയ പ്രതികാര നടപടികളെക്കുറിച്ചു മാത്രമാണ് ഞാൻ വ്യക്തമായി സംസാരിച്ചത്, അല്ലാതെ മുൻകാലങ്ങളിൽ സംഭവിച്ച യുദ്ധങ്ങളെക്കുറിച്ചല്ല. അടുത്തകാലത്തായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ചായിരുന്നു എന്റെ പരാമർശം.ഇവയ്ക്കുള്ള ഇന്ത്യയുടെ മറുപടി നിയന്ത്രിതവും സംയമനം പാലിച്ചുകൊണ്ടുമായിരുന്നു. അതും നിയന്ത്രണ രേഖയും രാജ്യാന്തര അതിർത്തിയും മാനിച്ചു കൊണ്ട്. എന്നാൽ പതിവുപോലെ, വിമർശകർ എന്റെ വീക്ഷണങ്ങളെയും വാക്കുകളെയും വളച്ചൊടിച്ചു. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. എനിക്ക് ഇനിയും ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാനുണ്ട്. ശുഭരാത്രി എന്നാണ് ശശി തരൂരിന്റെ വാക്കുകൾ.
ശശി തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജുവും രംഗത്തെത്തി. ”കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്, അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്? ഇന്ത്യൻ പ്രതിനിധി സംഘം വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ? രാഷ്ട്രീയ നിരാശയ്ക്ക് ഒരു പരിധിയുണ്ട്! കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സിൽ കുറിച്ചു.
Discussion about this post