ഹൈദരാബാദ് : ഇന്ത്യയിൽ വെച്ച് നടന്ന 2025ലെ ലോകസൗന്ദര്യ മത്സരത്തിൽ വിജയകിരീടം ചൂടി തായ്‌ലൻഡ് സുന്ദരി. തായ്‌ലൻഡിൽ നിന്നുള്ള ഒപൽ സുചത ചുവാങ്‌ശ്രീ ആണ് 2025ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.മിസ് വേൾഡ് കിരീടം ആദ്യമായാണ് തായ്‌ലന്റിലേക്ക് എത്തുന്നത്. വെറും 21 വയസ്സുള്ളപ്പോൾ ആണ് ഒപൽ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മിസ് വേൾഡ് 2025 ഗ്രാൻഡ് ഫിനാലെ തെലങ്കാനയിലെ ഹൈദരാബാദിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ വച്ചാണ് നടന്നത്. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നുമാണ് ഒപൽ സുചത ചുവാങ്‌ശ്രീ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. തായ്‌ലൻഡിലെ ഫുക്കറ്റ് സ്വദേശിനിയാണ് ഒപൽ. കജോങ്കിറ്റ്‌സുക്‌സ സ്‌കൂളിലും ട്രയാം ഉഡോം സുക്‌സ സ്‌കൂളിലുമായാണ് അവർ വിദ്യാഭ്യാസം നേടിയത്. നിലവിൽ, തമ്മസാത് യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്. 16-ാം വയസ്സിൽ സ്തന മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം തായ്‌ലൻഡിൽ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ ബോധവൽക്കരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് ഒപൽ സുചത ചുവാങ്‌ശ്രീ.
തായ്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിൽ വിദഗ്ധയാണ് ഒപൽ . 18 വയസ്സുള്ളപ്പോൾ മിസ്സ് യൂണിവേഴ്സ് തായ്‌ലൻഡ് 2022 മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി വിജയിച്ചിരുന്നു. പിന്നീട് മിസ്സ് യൂണിവേഴ്സ് തായ്‌ലൻഡ് 2024 കിരീടം നേടി. അന്താരാഷ്ട്ര വേദികളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെ തായ്‌ലൻഡിന്റെ അംബാസിഡർ ആകാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഒപൽ വ്യക്തമാക്കി. 72-ാമത് മിസ്സ് വേൾഡ് കിരീടമാണ് ഈ തായ്‌ലൻഡ് സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post