ന്യൂയോർക്ക് : അമേരിക്കയിലെ കൊളറാഡോയിൽ നടന്ന റാലിക്ക് നേരെ പലസ്തീൻ അനുകൂലിയുടെ പെട്രോൾ ബോംബ് ആക്രമണം. ഇസ്രായേലി ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് സമാധാനപൂർവ്വമായി നടത്തിയിരുന്ന റാലിക്ക് നേരെയാണ് ഹമാസ് അനുകൂലികൾ ബോംബേറ് നടത്തിയത്. ആക്രമണത്തിൽ ഏഴോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് സാബ്രി സോളിമാൻ എന്നയാളാണ് ആക്രമണം നടത്തിയത്.
കൊളറാഡോയിലെ ബൗൾഡറിലെ പാർക്ക് സ്ട്രീറ്റ് മാളിന് സമീപമാണ് ആക്രമണം നടന്നത്. നടന്നത് ഭീകരാക്രമണം ആണെന്ന് എഫ്ബിഐ വിശേഷിപ്പിച്ചു. ഒരു പ്രത്യേക ലക്ഷ്യം ഉന്നം വെച്ച് നടത്തിയ സംശയാസ്പദമായ ഭീകരത എന്നാണ് ഫെഡറൽ ഏജൻസി ആക്രമണത്തെ കുറ്റപ്പെടുത്തിയത്. ആക്രമണം നടത്തിയ പ്രതിയെ എസ്ബിഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇസ്രായേലി ബന്ദികളെ പിന്തുണയ്ക്കുന്നതിനായി ആഴ്ചതോറും അമേരിക്കയിൽ ഈ റാലി നടന്നുവന്നിരുന്നു. ഇസ്രായേലിനെതിരായി രണ്ടാഴ്ചയ്ക്കുള്ളിൽ യുഎസിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 2023 ൽ വിസ കാലാവധി കഴിഞ്ഞ 45 കാരനായ ഈജിപ്ഷ്യൻ പൗരനാണ് പ്രതി മുഹമ്മദ് സാബ്രി സോളിമാൻ. ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് ആക്രോശിച്ചു കൊണ്ടാണ് പ്രതി റാലിക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ഭയാനകമായ സെമിറ്റിക് വിരുദ്ധ ഭീകരാക്രമണം ആണ് അമേരിക്കയിൽ നടന്നത് എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post