ഇസ്താംബൂൾ : ഗ്രീസിലും തുർക്കിയുടെ തീരമേഖലകളിലും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മെഡിറ്ററേനിയൻ മേഖലയിൽ ആണ് ഭൂകമ്പം ഉണ്ടായത്. തെക്കൻ ഗ്രീസ്, പടിഞ്ഞാറൻ തുർക്കി, സമീപ പ്രദേശങ്ങളായ ഈജിയൻ കടൽത്തീര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.
മെഡിറ്ററേനിയൻ മേഖലയിലെ തുർക്കി അതിർത്തിയോട് ചേർന്നുള്ള ഡോഡെകാനീസ് ദ്വീപുകൾക്ക് സമീപമാണ് ചൊവ്വാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 68 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായത്. തുടർന്ന് തുർക്കിയിലെ മർമാരിസിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തുർക്കിയിലെ ഈ ഭൂചലനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.
ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ നിന്നും ജനലുകളിൽ നിന്നും പുറത്തേക്ക് ചാടിയത് മൂലം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മർമാരിസ് ഗവർണർ ഇദ്രിസ് അക്ബിയിക് അറിയിച്ചു. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി യൂറോപ്യൻ മെഡിറ്ററേനിയൻ ഭൂകമ്പ ശാസ്ത്ര കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post