ലേ : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതിയ തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. ലഡാക്കിന്റെ പ്രാദേശിക താൽപര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളത്. 2019 ൽ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ആണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയത്.
ലഡാക്കിലെ ജനങ്ങളുടെ ഭാഷ, സംസ്കാരം, ഭൂമി എന്നിവ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ലഡാക്കിൽ നിലവിലുള്ള 5 ഭാഷകളും ഔദ്യോഗിക ഭാഷകളായി കേന്ദ്രം അംഗീകരിച്ചു. വികസന കൗൺസിലുകളിലെ 85 ശതമാനം ജോലികളും തദ്ദേശീയർക്ക് സംവരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. കൂടാതെ മൊത്തം ജോലികളുടെ മൂന്നിലൊന്ന് സ്ത്രീകൾക്കായും സംവരണം ചെയ്തിട്ടുണ്ട്.
ലഡാക്കിൽ ഉപയോഗത്തിലുള്ള ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഭോതി, പുർഗി ഭാഷകൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷകളാക്കി പ്രഖ്യാപിച്ചു. എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് തുടരും. കൂടാതെ പുതിയ നിയമങ്ങളുടെ ഭാഗമായി ലഡാക്കിൽ 15 വർഷമായി താമസിച്ചവരോ ഏഴ് വർഷമായി പഠിച്ചവരോ, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ 10 അല്ലെങ്കിൽ 12 ക്ലാസ് പരീക്ഷ എഴുതിയവരോ ആണെങ്കിൽ സ്ഥിര താമസക്കാരാകാൻ അർഹതയുണ്ടായിരിക്കും. കേന്ദ്ര ഭരണ പ്രദേശത്തെ ഏതെങ്കിലും തസ്തികയിലോ കന്റോൺമെന്റ് ബോർഡിന് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയോ മറ്റ് അതോറിറ്റികളുടെയോ കീഴിലുള്ള തസ്തികയിലോ ഉള്ള നിയമനത്തിന് ഇത് സഹായകരമാകും. ഇതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണം 10 ശതമാനമായി തുടരുന്നതായിരിക്കും.
കൂടാതെ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര സർക്കാരിന്റെ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ, പൊതുമേഖലാ ബാങ്കുകൾ, സ്റ്റാറ്റിയൂട്ടറി ബോഡികളിലെ ഉദ്യോഗസ്ഥർ, കേന്ദ്ര സർവകലാശാലകളിലെ ഉദ്യോഗസ്ഥർ, കേന്ദ്ര സർക്കാരിന്റെ അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരുടെ മക്കൾക്കും യുടിയിൽ ആകെ 10 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും സ്ഥിരതാമസത്തിന് അർഹതയുണ്ട്.
Discussion about this post