ഗാന്ധിനഗർ : ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരം കാണാൻ എത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. 2025 ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പിന്തുണച്ചുകൊണ്ടാണ് ഋഷി സുനക് ഫൈനൽ കാണാൻ എത്തിയിരിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള ഐപിഎൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്നുവരികയാണ്.
കായികരംഗത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിപ്പിച്ചതിൽ ഇന്ത്യൻ പ്രീമിയർ ലീഗ് വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ഋഷി സുനക് പറഞ്ഞു. 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും ഒളിമ്പിക്സിലേക്ക് തിരികെ എത്താൻ കാരണമായത് ഇന്ത്യയാണ്. ഇംഗ്ലണ്ടിന്റെ കളിക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഐപിഎൽ സഹായകരമായിട്ടുണ്ട് എന്നും സുനക് വ്യക്തമാക്കി.
ഐപിഎല്ലിൽ കളിച്ചതിന് ശേഷം ഇംഗ്ലണ്ട് കളിക്കാർ കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ആരംഭിച്ചു. അതുപോലെതന്നെ വനിതാ ക്രിക്കറ്റിന്റെയും വനിതാ കായിക ഇനങ്ങളുടെയും വളർച്ചയ്ക്ക് ഇന്ത്യ നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ഐപിഎൽ ശെരിക്കും ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ചു. എല്ലാ ക്രിക്കറ്റ് കളിക്കാരും, എല്ലായിടത്തും, അവരുടെ കരിയറിലെ എപ്പോഴെങ്കിലും ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ അഭിരുചികൾക്ക് ആഗോളതലത്തിൽ തന്നെ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്നു എന്നും ഋഷി സുനക് വ്യക്തമാക്കി.
Discussion about this post