ടെഹ്റാൻ : ഇറാനിൽ എത്തിയശേഷം കാണാതായ മൂന്ന് ഇന്ത്യക്കാരെ ഒടുവിൽ കണ്ടെത്തി. പഞ്ചാബിൽ നിന്നുള്ള സംഘത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഇന്ത്യയിലെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഇന്ത്യൻ എംബസി ഇറാനിൽ നടത്തിയ കൃത്യമായ ഇടപെടലാണ് ഇന്ത്യൻ യുവാക്കളെ മോചിപ്പിക്കുന്നതിലേക്ക് വഴിവെച്ചത്.
തെക്കൻ ടെഹ്‌റാനിലെ വരാമിനിൽ നിന്നാണ് മൂന്ന് ഇന്ത്യൻ യുവാക്കളെയും രക്ഷപ്പെടുത്തിയത്. ഇന്ത്യൻ എംബസിയുടെ ആവശ്യപ്രകാരം ഇറാൻ പോലീസ് ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ ആണ് യുവാക്കളെ മോചിപ്പിച്ചത്. മെയ് 1 ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിൽ എത്തിയവരാണ് തട്ടിക്കൊണ്ടു പോകപ്പെട്ട 3 അംഗ സംഘം.
ഒരു പ്രാദേശിക ട്രാവൽ ഏജൻസിയാണ് ഇവരെ ഇറാനിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ തട്ടിപ്പിനിരയാക്കുകയായിരുന്നു എന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ കാര്യ വകുപ്പ് ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികളുമായി ഏകോപിപ്പിച്ച് കേസിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ന്യൂഡൽഹിയിലെ ഇറാൻ എംബസി അറിയിച്ചു.
Discussion about this post