ധാക്ക : ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിൽ നിയമിച്ചിട്ടുള്ള അധ്യാപകരെ പിരിച്ചുവിട്ട് ഐക്യരാഷ്ട്ര സഭ. ലോക രാഷ്ട്രങ്ങളിൽ നിന്നും ധനസഹായം ലഭിക്കാത്തതിനെത്തുടർന്നാണ് തീരുമാനം. ആയിരത്തോളം അധ്യാപകരെ ആണ് യുഎൻ പിരിച്ചുവിട്ടത്. ആഗോളതലത്തിൽ സഹായം വെട്ടിക്കുറച്ചതിനെത്തുടർന്നാണ് യുഎൻ കുട്ടികളുടെ ഏജൻസി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിലെ സ്കൂളുകളിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട അധ്യാപകർ ആണ് പിരിച്ചുവിടപ്പെട്ടത്.. റോഹിംഗ്യൻ മുസ്ലീം വിഭാഗത്തിൽപ്പെട്ട ഏകദേശം പത്ത് ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലെ വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ആഗോളതലത്തിൽ ബംഗ്ലാദേശിലെ ദുരിതാശ്വാസക്യാമ്പുകൾക്ക് നൽകിവന്നിരുന്ന സഹായം ലോകരാഷ്ട്രങ്ങൾ വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
മ്യാൻമറിൽ 2017 ലെ സൈനിക നടപടിയിൽ നിന്ന് പലായനം ചെയ്തവരാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന റോഹിംഗ്യൻ മുസ്ലീങ്ങൾ. റോഹിംഗ്യൻ അഭയാർത്ഥി കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസ സേവനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യൂണിസെഫ് ആണ് പ്രവർത്തിച്ചു വന്നിരുന്നത്. അമേരിക്കയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രധാനമായും ധനസഹായം നൽകിവന്നിരുന്നത്. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ ധനസഹായം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് യുഎന്നിനെ നയിച്ചത്.
അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ ധനസഹായം ഇല്ലാതായതോടെ ബംഗ്ലാദേശിലെ ക്യാമ്പുകളിലെ പ്രൈമറി സ്കൂളുകളിൽ ജോലി ചെയ്യുന്ന 1,179 പേരുടെ കരാറുകൾ റദ്ദാക്കിയതായി യുണിസെഫ് അറിയിച്ചു. നാലായിരത്തോളം അധ്യാപകരാണ് ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിൽ ആകെ ഉള്ളത്. ബക്രീദ് ആഘോഷങ്ങൾക്ക് ശേഷം ജൂൺ അവസാനത്തോടെ പുതിയ ടേം പുനരാരംഭിക്കുന്നതിന് മുമ്പ് പുതിയ ധനസഹായം ഉറപ്പാക്കിയില്ലെങ്കിൽ, കൂടുതൽ അധ്യാപകർക്ക് ജോലി നഷ്ടപ്പെടും എന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
Discussion about this post