ബെംഗളൂരു : ബെംഗളൂരുവിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 50 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐപിഎൽ ട്രോഫി സ്വന്തമാക്കിക്കൊണ്ട് ബംഗളൂരുവിൽ മടങ്ങിയെത്തിയ ടീമിനെ കാണാനായി തടിച്ചുകൂടിയ ജനങ്ങൾക്കിടയിലാണ് അപകടമുണ്ടായത്.
ആർസിബിയുടെ ആദ്യ ഐപിഎൽ നേട്ടം ആഘോഷിക്കാനായി ബെംഗളൂരു വിധാൻ സൗധയ്ക്ക് പുറത്ത് കൊടികളും ബാനറുകളുമായി ആർസിബി ആരാധകർ വലിയതോതിൽ തടിച്ചുകൂടിയിരുന്നു. ഐപിഎൽ കപ്പ് നേടിയ ടീം അംഗങ്ങളെ കാണാനായിരുന്നു ആരാധകർ തടിച്ചു കൂടിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളും ആർസിബിയുടെ വിജയ പരേഡിൽ പങ്കെടുത്തിരുന്നു.
ഐപിഎൽ ട്രോഫി സ്വന്തമാക്കിയ ആർസിബി ടീമിനെ അഭിനന്ദിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ പ്രത്യേക പരിപാടി ഒരുക്കിയിരുന്നു. വിജയാഘോഷങ്ങൾ കാണാൻ വൻതോതിൽ ഉള്ള ജനക്കൂട്ടം തന്നെ ഒത്തുകൂടിയതോടെ തിക്കിലും തിരക്കിലും പെട്ട ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Discussion about this post