വാഷിംഗ്ടൺ : അമേരിക്കയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്. 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് സമ്പൂർണ്ണ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ നിരോധന നയം പുനഃസ്ഥാപിക്കാൻ ട്രംപ് വർഷങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ 12 രാജ്യങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, മ്യാന്മർ, ലിബിയ, സൊമാലിയ, സുഡാൻ,
ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് സമ്പൂർണ്ണ യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷയും ദേശീയ താൽപ്പര്യവും സംരക്ഷിക്കാൻ വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് ട്രംപ് വീണ്ടും വ്യക്തമാക്കി. അമേരിക്കയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന തീരുമാനങ്ങളാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ക്യൂബ, ലാവോസ്, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല, ബുറുണ്ടി, സിയറ ലിയോൺ, ടോഗോ എന്നീ ഏഴ് രാജ്യങ്ങൾക്ക് ഭാഗിക യാത്ര വിലക്കും ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയോട് ശത്രുതാപരമായ മനോഭാവങ്ങൾ പുലർത്തുന്നവരും സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരുമായ രാജ്യങ്ങൾക്കാണ് അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് എന്നാണ് യുഎസ് സർക്കാർ വ്യക്തമാക്കുന്നത്.
Discussion about this post