അബുദാബി : പാകിസ്താനി പൗരന്മാർക്ക് ജോർജിയ പ്രവേശനം നിഷേധിക്കുകയാണെന്ന പരാതിയുമായി പാകിസ്താൻ സ്വദേശികൾ. യുഎഇയിൽ നിന്നും ജോർജിയിലേക്ക് പോയപ്പോൾ നേരിടേണ്ടിവന്നത് കടുത്ത ദുരനുഭവം ആണെന്ന് വ്യക്തമാക്കുന്ന പാക് പൗരന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ ആണ് പങ്കുവെച്ചത്. പാകിസ്താനി പൗരൻ ആണെന്ന ഒറ്റ കാരണത്താൽ ജോർജിയൻ വിമാനത്താവളത്തിൽ 12 മണിക്കൂറോളം തടവിൽ കഴിയേണ്ടി വന്നു എന്നും ഇയാൾ പരാതിപ്പെടുന്നു.
ജോർജിയയിലെ കുട്ടൈസി വിമാനത്താവളത്തിൽ വെച്ചാണ് പാകിസ്താൻ പൗരൻമാർക്ക് ദുരനുഭവം ഉണ്ടായത്. പാകിസ്താൻ സ്വദേശികളും യുഎഇയിൽ താമസിക്കുന്നവരുമായ രണ്ടുപേരായിരുന്നു ജോർജിയ സന്ദർശിക്കാനായി എത്തിയിരുന്നത്. എന്നാൽ പാസ്പോർട്ടുകൾ പരിശോധിച്ച ഉദ്യോഗസ്ഥർ തങ്ങൾ പാകിസ്താൻ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞതോടെ വളരെ മോശമായാണ് പെരുമാറിയതെന്ന് പരാതിക്കാരൻ പറയുന്നു.
തന്നെയും തന്റെ സുഹൃത്തിനെയും ജയിൽ പോലുള്ള മുറിയിൽ പൂട്ടിയിട്ട് വിമാനത്താവള അധികൃതർ അപമാനിച്ചുവെവെന്നും പാക് പൗരൻ സൂചിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യമാണ് ജോർജിയ. യുഎഇ പൗരന്മാരെ കൂടാതെ യുഎഇയുടെ വിസയോ താമസ പെർമിറ്റോ കൈവശമുള്ള വ്യക്തികൾക്കും ജോർജിയയിൽ വിസരഹിത പ്രവേശനവും 90 ദിവസം വരെ താമസിക്കാനുള്ള അനുമതിയും ഉണ്ട്. യുഎഇയിൽ താമസ പെർമിറ്റ് ഉള്ള പാകിസ്താൻ പൗരന്മാരാണ് അവധിക്കാലം ആഘോഷിക്കാനായി ജോർജിയയിലേക്ക് പോയത്.
വിമാനത്താവളത്തിൽ ഇറങ്ങി എമിഗ്രേഷൻ കൗണ്ടറിന് മുൻപിൽ എത്തുന്നതിനു മുൻപ് തന്നെ ഉദ്യോഗസ്ഥർ തങ്ങളോട് എവിടെനിന്നാണ് വരുന്നത് എന്ന് ചോദിച്ചതായി പാക് പൗരൻ പറയുന്നു. “പാകിസ്താൻ സ്വദേശികളാണെന്ന് മനസ്സിലായതോടെ പാസ്പോർട്ട് അവർ പരിശോധനയ്ക്കായി വാങ്ങി. എല്ലാവരുടെയും മുന്നിൽ വെച്ച് ഞങ്ങളുടെ ഫോട്ടോകൾ എടുത്തു. അത് വളരെ അപമാനകരമായിരുന്നു. പിന്നീട് ഞങ്ങളെ ഒരു മൂലയിലേക്ക് മാറ്റി നിർത്തി. ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ പോലും അവർ തയ്യാറായില്ല. തുടർന്ന് ഞങ്ങളെ ജയിൽ പോലെയുള്ള ഒരു കുടുസ് മുറിയിലേക്ക് മാറ്റി. 12 മണിക്കൂറാണ് ഞങ്ങൾക്ക് അവിടെ കഴിയേണ്ടി വന്നത്. പാകിസ്താൻ പൗരന്മാർ ആരും ജോർജിയയിലേക്ക് പോകരുത് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത് ” എന്നും പാകിസ്താൻ സ്വദേശി റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
Discussion about this post