ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ ആർച്ച് പാലമായ ചെനാബ് റെയിൽ പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ഒരു റെയിൽവേ ലിങ്ക് വഴി ബന്ധിപ്പിക്കുന്ന പാലം അനേകായിരം ഇന്ത്യക്കാരുടെ വലിയ സ്വപ്നമായിരുന്നു എന്ന് ഉദ്ഘാടന ചടങ്ങിൽ മോദി വ്യക്തമാക്കി. കശ്മീർ മുതൽ കന്യാകുമാരി വരെ എന്ന പദപ്രയോഗം ഇപ്പോഴാണ് യാഥാർത്ഥ്യമായിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ചെനാബ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം രണ്ടോ മൂന്നോ മണിക്കൂർ കുറയുന്നതായിരിക്കും.
ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ, 1,315 മീറ്റർ നീളത്തിലാണ് സ്റ്റീൽ ആർച്ച് പാലം നിർമ്മിച്ചിട്ടുള്ളത്. ഉയർന്ന ഭൂകമ്പത്തെയും കാറ്റിനെയും നേരിടാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. ജമ്മു കശ്മീർ സന്ദർശനത്തിന്റെ ഭാഗമായി കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര സന്ദർശനം എളുപ്പമാക്കുന്നതിലൂടെ കശ്മീരിന്റെ ടൂറിസം ഭൂപടത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ കഴിയുന്ന പദ്ധതിയാണിത്.
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേ പാലമായ അഞ്ജി പാലവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
ജമ്മുകശ്മീർ സന്ദർശനത്തിൽ 46,000 കോടി രൂപയുടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്കും മോദി തുടക്കം കുറിച്ചു. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി അൽപനേരം സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
Discussion about this post