തിരുവനന്തപുരം : പരിസ്ഥിതി ദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് കേരള രാജ്ഭവനിൽ നടന്ന സംഭവങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിശ്വാസപരമായ വൈവിധ്യം നമ്മുടെ ഇടയിലുണ്ട്. അത് പരസ്പരം അംഗീകരിച്ചു കൊടുക്കുന്നതിലാണ് ജനാധിപത്യത്തിന്റെ മര്‍മ്മം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
ഭാരത മാതാ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു എന്നത് ഏത് അര്‍ത്ഥത്തിലാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് മനസിലാവുന്നില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്ഭവനിലെ ചടങ്ങില്‍ ദേശീയ പതാക പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ട് ഇപ്പോഴത്തെ വിവാദത്തിന് ഒട്ടും പ്രസക്തിയില്ല. ഭാരത മാതാവ് എന്ന ആശയം ഈ നാടിന്റെ നാഗരികതയുടെ പ്രതീകമാണ്. ഭാരതം വെറും കല്ലും മണ്ണും വൃക്ഷലതാദികളും, നദികളും നിറഞ്ഞ ഒരു പ്രതിഭാസമല്ല. അത് പരാശക്തി തന്നെയാണെന്ന് അരവിന്ദ മഹര്‍ഷിയെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഭാരത മാതാവിനെ എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നത് കലാകാരന്റെ ഭാവനയുടെ കൂടി പ്രശ്‌നമാണ്. ഭാരത മാതാവിനെ ആദ്യം ചിത്രീകരിച്ചവരില്‍ ഒരാള്‍ സാക്ഷാല്‍ അബനീന്ദ്രനാഥ ടാഗോര്‍ ആണ്. ഭഗിനി നിവേദിതയുടെ താല്പര്യമനുസരിച്ചാണ് ആ ചിത്ര രചന ഉണ്ടായത്. ഇനി ഭാരതമാതാവ് എന്ന സങ്കല്പത്തെ അംഗീകരിക്കാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവാം. കേരള ഗവര്‍ണര്‍ പക്ഷേ ആ ചിന്താധാരയുടെ പ്രതിനിധിയല്ല എന്ന് വ്യക്തം. ആ നിലയ്‌ക്ക് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം അനുസരിച്ചുള്ള ഭാരത മാതാവിനെ ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തിയതില്‍ അപാകത ഉണ്ടെന്ന് തോന്നുന്നില്ല എന്നും ആര്‍. സഞ്ജയന്‍ വ്യക്തമാക്കി.
Discussion about this post