ഡല്‍ഹി: രാജ്യത്തിന്റെ പരിപാടികളെ രാഷ്ട്രീയവത്കരിക്കരുതെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. യമുനാതീരത്ത് ഒരുക്കിയ ത്രിദിന വിശ്വ സാംസ്കാരിക സംഗമത്തിന്റെ സമാപനചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കുറച്ചുകൂടി പക്വത കാട്ടണമെന്നു ശ്രീ ശ്രീ രവി ശങ്കര്‍ പറഞ്ഞു. അടുത്തവര്‍ഷത്തെ ലോക സാംസ്കാരികോത്സവത്തിന് വേദിയൊരുക്കാന്‍ ഓസ്ട്രേലിയ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ തയാറായിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ പരിപാടിയെ വിമര്‍ശിച്ചത് എന്തുകൊണ്ടാണെന്നായിരുന്നു വിദേശത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. നദിക്കും തീരത്തിനും കോട്ടം തട്ടുന്നതൊന്നു ചെയ്തിട്ടില്ല. യമുനയുടെ ശുചീകരണത്തിനായി പ്രവര്‍ത്തിക്കും-അദ്ദേഹം പറഞ്ഞു.
ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) നിര്‍ദേശിച്ചത് പിഴയല്ല. പരിസ്ഥിതി നഷ്ടപരിഹാരമാണ് . യമുനയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തദിവസങ്ങളില്‍ താല്‍ക്കാലിക നിര്‍മാണങ്ങള്‍ നീക്കം ചെയ്യും. കുറഞ്ഞ സമയംകൊണ്ട് യമുനാതീരം പൂര്‍വസ്ഥിതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങിയവരും സമാപനത്തില്‍ പങ്കെടുത്തു. നാഗസ്വരക്കച്ചേരി, ന്യൂസീലന്‍ഡ്, ജര്‍മന്‍ കലാകാരന്മാരുടെ നൃത്തം, 8500 കലാകാരന്മാരുടെ നേതൃത്വത്തില്‍ ആര്‍ട്ട് ഒഫ് ലിവിങ് പ്രവര്‍ത്തരുടെ ഗ്രാന്‍ഡ് സിംഫണി, അസമിലെ 452 കലാകാരന്മാരുടെ നേതൃത്വത്തില്‍ ബിഹു നൃത്തം തുടങ്ങിയവയായിരുന്നു സമാപനസമ്മേളനത്തിലെ പ്രത്യേക ആകര്ഷണങ്ങള്. പാക്കിസ്ഥാനില്‍ നിന്നുള്ള 50 കലാകാരന്മാരുടെ സുഫി സംഗീതമായിരുന്നു മറ്റൊരു പ്രത്യേകത. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ലോക സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചത്.
Discussion about this post