വാഷിംഗ്ടൺ : ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ വൻ കുറവ് വന്നതായി ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ വലിയ മാറ്റമാണ് ഇന്ത്യയിൽ നടന്നത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 11 വർഷങ്ങൾക്കുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും കരകയറിയത് 26.9 കോടി ജനങ്ങൾ ആണെന്ന് ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
2011–12 കാലയളവിലെ കണക്കനുസരിച്ച് ഇന്ത്യയിൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവർ 27.1 ശതമാനമായിരിന്നു. 2022–23 ൽ ഇത് 5.3 ശതമാനമായി കുറഞ്ഞുവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു. 2011–12 ലെ റിപ്പോർട്ടിൽ 34.4 കോടി ജനങ്ങൾ ആയിരുന്നു ഇന്ത്യയിൽ കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്നത്. ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7.5 കോടി ജനങ്ങൾ ആണ് ഇന്ത്യയിൽ അതി ദരിദ്രരായി ഉള്ളത്. 11 വർഷങ്ങൾ കൊണ്ട് ദാരിദ്ര്യത്തിൽ വലിയ കുറവാണ് ഇന്ത്യയിൽ ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ദാരിദ്ര്യത്തിൽ വ്യാപകമായ കുറവുണ്ടായതായി ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലോകബാങ്ക് ഡാറ്റ പ്രകാരം, 2011-12 ൽ രാജ്യത്തെ ഏറ്റവും ദരിദ്രരിൽ 65 ശതമാനവും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 11 വർഷങ്ങൾക്കിടെ ഉണ്ടായ ദേശീയ ദാരിദ്ര്യ നിർമാർജന യജ്ഞത്തിൽ ഈ സംസ്ഥാനങ്ങളിലെ ദരിദ്രരായ ജനങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടി എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ബഹുമുഖ ദാരിദ്ര്യം കുറയ്ക്കുന്നതിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു . ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയിലെ ദാരിദ്ര്യത്തിന് കാരണമാകുന്ന ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ) 2005-06 ൽ 53.8 ശതമാനത്തിൽ നിന്ന് 2019-21 ൽ 16.4 ശതമാനമായും 2022-23 ൽ 15.5 ശതമാനമായും കുറഞ്ഞു എന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയിലെ സർക്കാർ ദാരിദ്രനിർമാർജനത്തിന് നടത്തിവരുന്ന പദ്ധതികളെ ലോകബാങ്ക് പ്രശംസിച്ചു.
Discussion about this post