ഷിംല : കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യക്തമാക്കി ഹിമാചൽ പ്രദേശ് സർക്കാർ. ചെറിയ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ മാധ്യമ ഉപദേഷ്ടാവ് നരേഷ് ചൗഹാൻ അറിയിച്ചു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഷിംലയിലെ ഛരബ്രയിലുള്ള പ്രിയങ്കയുടെ വസതിയിലാണ് നിലവിൽ സോണിയ ഗാന്ധി താമസിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സോണിയ പ്രിയങ്കയോടൊപ്പം താമസിക്കാനായി ഷിംലയിലേക്ക് എത്തിയിരുന്നത്. ഫെബ്രുവരിയിൽ വയറ്റിലെ അസുഖത്തെ തുടർന്ന് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നിലവിൽ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സോണിയ ഗാന്ധിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഹിമാചൽ സർക്കാർ അറിയിച്ചു. പതിവ് വൈദ്യ പരിശോധനയും വിലയിരുത്തലും ആണ് നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post