വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പോലീസ് നടത്തുന്ന വ്യാപക പരിശോധനയെ തുടർന്ന് ലോസ് ഏഞ്ചൽസിൽ രൂപപ്പെട്ട പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച നടത്തിയ കുടിയേറ്റ റെയ്ഡിൽ ഒറ്റ ദിവസം കൊണ്ട് 44 പേരെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുകയായിരുന്നു. രണ്ടാം ദിവസവും ലോസ് ഏഞ്ചൽസിൽ പ്രതിഷേധക്കാരും ഫെഡറൽ ഏജന്റുമാരും തമ്മിൽ സംഘർഷവും ഏറ്റുമുട്ടലും ഉണ്ടായി. കലാപകാരികളെ അടിച്ചമർത്തുമെന്ന് ട്രംപ് സർക്കാർ പ്രഖ്യാപിച്ചു.
വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ലോസ് ഏഞ്ചൽസിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാൻ ട്രംപ് നിർദ്ദേശം നൽകി. സംഘർഷങ്ങളും പ്രതിഷേധങ്ങളും തടയാൻ കഴിയാത്തതിന് ട്രംപ് പ്രാദേശിക ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചു. ട്രംപിന്റെ വലിയതോതിലുള്ള സൈനിക വിന്യാസത്തെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വിമർശിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. 2,000 നാഷണൽ ഗാർഡുകളെ വിന്യസിക്കുന്നത് മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ആയിരുന്നു കാലിഫോർണിയ ഗവർണർ അഭിപ്രായപ്പെട്ടിരുന്നത്.
“കാലിഫോർണിയയിലെ ഗവർണർ ഗാവിൻ ന്യൂസമിനും ലോസ് ഏഞ്ചൽസിലെ മേയർ കാരെൻ ബാസിനും അവരുടെ ജോലികൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്നം പരിഹരിക്കും. കലാപങ്ങളെയും കൊള്ളക്കാരെയും അത് പരിഹരിക്കേണ്ട രീതിയിൽ തന്നെ ഗവൺമെന്റ് നേരിടും” എന്നായിരുന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
Discussion about this post