ഷില്ലോങ് : മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ്. ഹണിമൂൺ ആഘോഷത്തിനിടെ ഭർത്താവിനെ കൊല്ലാൻ ഭാര്യ തന്നെയാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇൻഡോറിൽ നിന്നുള്ള വിനോദസഞ്ചാരിയായ രാജ രഘുവംശിയെ ഭാര്യ സോനം വാടകയ്‌ക്കെടുത്ത ആളുകളാണ് ഹണിമൂണിനിടെ കൊലപ്പെടുത്തിയതെന്ന് മേഘാലയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഇദാഷിഷ നോങ്‌റാങ് വ്യക്തമാക്കി.
മെയ് 23 ന് മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിയ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും കാണാനില്ല എന്നായിരുന്നു പോലീസിന് ആദ്യം ലഭിച്ച പരാതി. തുടർന്ന് മേഘാലയ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ജൂൺ 2 ന് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ ഒരു മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി. 17 ദിവസമായി കാണാതായിരുന്ന സോനത്തെ ഉത്തർപ്രദേശിലെ ഗാസിപൂരിലെ ഒരു വഴിയോര ഭക്ഷണശാലയിൽ നിന്നും കണ്ടെത്തിയതോടെ ആണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭാര്യ ഹണിമൂൺ യാത്രയിൽ ഭർത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ദമ്പതികളെ കാണാതായ ദിവസം മൂന്ന് പുരുഷന്മാർ ഇവർക്കൊപ്പം ഉണ്ടായിരുന്നതായി മേഘാലയയിലെ ഒരു ടൂറിസ്റ്റ് ഗൈഡ് ആയ ആൽബർട്ട് പിഡെ പോലീസിന് മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. മെയ് 23 ന് രാവിലെ 10 മണിയോടെ നോൻഗ്രിയാറ്റിൽ നിന്ന് മൗലഖിയാത്തിലേക്കുള്ള വഴിയിൽ ഈ ദമ്പതിമാരെ കണ്ടിരുന്നെന്നും യാത്രാസൗകര്യം വാഗ്ദാനം ചെയ്തപ്പോൾ അവർ നിഷേധിക്കുകയായിരുന്നു എന്നും ടൂറിസ്റ്റ് ഗൈഡ് പോലീസിനെ അറിയിച്ചു.
കാണാതായിരുന്ന സോനത്തോടൊപ്പം നാല് പുരുഷന്മാർ ഉണ്ടായിരുന്നു എന്നുള്ള ടൂറിസ്റ്റ് ഗൈഡിന്റെ മൊഴിയാണ് ഈ കേസിലെ അന്വേഷണത്തിൽ നിർണായകമായത്. ഈ പുരുഷന്മാർ ഹിന്ദിയാണ് സംസാരിച്ചിരുന്നത് എന്നും ഗൈഡ് വ്യക്തമാക്കി. കൊല്ലപ്പെട്ട രാജ്യം മറ്റു മൂന്നു പുരുഷന്മാരുമായി എന്തൊക്കെയോ സംസാരം ഉണ്ടായിരുന്നെങ്കിലും ഇംഗ്ലീഷും ഖാസിയും മാത്രം വശമുള്ള തനിക്ക് ഭാഷ മനസ്സിലായില്ല എന്നും ടൂറിസ്റ്റ് ഗൈഡ് മേഘാലയ പോലീസിനെ അറിയിച്ചു. തുടർന്ന് മേഘാലയ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് രാജാ രഘുവംശിയുടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊല്ലാനുള്ള വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ സോനത്തെയും വാടക കൊലയാളികളായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post