വലുപ്പത്തിൽ വത്തിക്കാൻ സിറ്റിയോളം ഒരിത്തിരി കൂടുതലുള്ള ഇടം, ഈ കുഞ്ഞൻ രാജ്യത്ത് ജീവിക്കുന്നവരുടെ ബാഹുല്യം അതിശയകരം..ഒന്ന് പുറത്തോട്ടിറങ്ങി ഒരു കല്ലെടുത്തെറിഞ്ഞാൽ കൊള്ളുന്നത് സവാരിക്കിറങ്ങിയ ഏതെങ്കിലും കോടീശ്വരന്…വൈകുന്നേരം ഒന്ന് ചായകുടിക്കാൻ കഫേയിലേക്ക് ചെന്നാൽ തൊട്ടടുത്ത ടേബിളിലിരുന്ന് ചായ സിപ്പ് ചെയ്യുന്നത് മറ്റൊരു കോടീശ്വരൻ….മുക്കിന് മുക്കിന് കോടീശ്വരന്മാരെ കൊണ്ട് പൊറുതിമുട്ടി,വേദനിക്കുന്ന ഈ രാജ്യം ഏതാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ? മൊണോക്കോ. ഗ്രീക്ക് ഭാഷയിലെ അതുല്യം എന്ന അർത്ഥത്തോട് അത്രമേൽ നീതിപുലർത്തുന്ന രാജ്യം. ഭൂമിയിലെ മറ്റേത് രാജ്യത്തിനേക്കാളും ശതകോടീശ്വരന്മാരുടെ ബാഹുല്യം കൊണ്ട് പ്രസിദ്ധമാണ് ഇവിടെ.
0.78 ചതുരശ്ര മൈൽ വിസ്തീർണ്ണവും 38,300 ജനസംഖ്യയുള്ള മൊണോക്കോ തെക്കുകിഴക്കൻ ഫ്രാൻസിനും മെഡിറ്ററേനിയൻ കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു യൂറോപ്യൻ രാജ്യമാണ്. സത്യത്തിൽ ന്യൂയോർക്ക് സിറ്റിയുടെ സെൻട്രൽപാർക്കിനേക്കാൾ ചെറുതാണ് മൊണാക്കോ. പക്ഷേ ഒരു ചതുരശ്ര മൈലിൽ താഴെ 12,261 കോടീശ്വരന്മാർ അവിടെ ജീവിക്കുന്നു.അതായത് അവിടെ താമസിക്കുന്ന മൂന്നു പേരിൽ ഒരാൾ കോടീശ്വരനാണെന്ന് അർത്ഥം. രാജ്യത്തെ കോടിപതികളുടെ എണ്ണം ജനസംഖ്യയുടെ 32% മുകളിൽ വരുമത്രേ. ഇവിടുത്തെ ജനസംഖ്യയുടെ 40 ശതമാനത്തിലധികം നിവാസികൾക്കും ഏറ്റവും കുറഞ്ഞത് ഒരു മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.
തലസ്ഥാനമായ മോണ്ടെ കാർലോ മാത്രമേ ഈ രാജ്യത്തിന് ഔദ്യോഗികനഗരമായിട്ടുള്ളൂ. മതില്ലോ.. ലോകത്തെ ശതകോടീശ്വരന്മാർ വരെ മോണ്ടെ കാർലോയിൽ ഒരിത്തിരി ഇടം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ റിയൽഎസ്‌റ്റേറ്റ് മാർക്കറ്റിൽ പൊന്നുംവിലയാണഅ ഇവിടുത്തെ ഒരോ ചതുരശ്രമീറ്ററിനും. റിയൽ എസ്റ്റേറ്റ് മേഖലയിൽ.മൊണാക്കോയിലെ ശരാശരി വീടിന് ഒരു ചതുരശ്ര അടിക്ക്, 4,560 ഡോളർ അതായത് 3 ലക്ഷത്തിലധികം രൂപ വില വരും.ഇവിടുത്തെ മിക്ക ‘സാധാരണ’ അപ്പാർട്ടുമെന്റുകൾക്കും 2.2 മില്യൺ മുതൽ 22.3 മില്യൺ ഡോളർ വരെയാണ് വില. കണക്കുകൾ പ്രകാരം 2022 ൽമാത്രം ഏകദേശം 3500 പേരാണ് ഈ രാജ്യത്തേക്ക് താമസം മാറിയെത്തിയത്.
ഇത്രയധികം സമ്പന്നർ മൊണാക്കോയിലേക്ക് മാറാൻ ആഗ്രഹിക്കുന്നതിന്റെ ഒരു പ്രധാന കാരണം അവിടുത്തെ നികുതി സമ്പ്രദായമാണ്. ഉയർന്ന ആസ്തിയുള്ള ആളുകൾക്ക് മൊണാക്കോ വളരെ ആകർഷകമായ നികുതി സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഒരു പ്രത്യേക കരാർ കാരണം ഫ്രഞ്ച് പൗരന്മാർ ഒഴികെയുള്ള താമസക്കാർക്ക് മൊണാക്കോ വ്യക്തിഗത ആദായനികുതി ഈടാക്കുന്നില്ല. 1869 മുതലാണ് ഈ നയം നടപ്പിലാക്കിയത്. മോണ്ടെ കാർലോ കാസിനോ സ്ഥാപിതമായപ്പോൾ ചാൾസ് മൂന്നാമൻ രാജകുമാരൻ വ്യക്തിഗത ആദായനികുതി ഒഴിവാക്കി നൽകി. അത് മാത്രമല്ല ഇത്രയേറെ സുരക്ഷയുള്ള രാജ്യം വേറെയില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത് പോലും, ഓരോ നൂറ് പേർക്കും ഒരു പോലീസ് ഉദ്യോഗസ്ഥൻ വച്ച് ഇവിടെ സുരക്ഷയ്ക്കുണ്ട്. സൈനികപ്രതിരോധചുമതലയാകട്ടെ ഫ്രാൻസിനും. എന്നാൽ നാവികസേനയോ വ്യോമസേനയോ ഇല്ല.
സമ്പന്നരുടെ റിസോർട്ട് ഏരിയെന്ന നിലയിലാണ് മോണോക്കോ പ്രസിദ്ധം. നേരംപോക്കിനായി ഫ്രഞ്ച് റിവിയേര,മോണ്ടെ കാർലോ കാസിനോ തുടങ്ങി നിരവധി സുന്ദരൻ ബീച്ചുകൾ,മാളികകൾ പോലെ തോന്നിക്കുന്ന അനേകം നൗകകളും ബീച്ചിനെ റിച്ചാക്കുന്നു. ലംബോർഗിനികളും റോൾസ് റോയ്‌സുകളും മറ്റ് സൂപ്പർകാറുകളും മൊണോക്കോ തെരുവുകളിലൂടെ അലഞ്ഞുതിരിയുന്നു. ഹരംപിടിപ്പിക്കാൻ നഗരത്തിന്റെ എല്ലാകോണിലും ഗംഭീര കാസിനോകളും. എന്നാലിവിടെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടുത്തെ അതിപ്രശസ്തമായ മോണ്ടെ കാർലോ കാസിനോയിൽ മൊണോക്കോ പൗരന്മാർക്ക് പ്രവേശനമില്ല. പാസ്‌പോർട്ട് കാണിച്ച് വിദേശിയാണെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ നിങ്ങൾക്ക് മുന്നിൽ കാസിനോയുടെ വാതിൽ തുറക്കുകയുള്ളൂ.
ഒരു അർദ്ധ-ഭരണഘടനാ രാജവാഴ്ചയുടെ കീഴിലാണ് മൊണോക്കോയുടെ ഭരണം നടക്കുന്നത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് രാഷ്ട്രത്തലവൻ. ഗവൺമെന്റിന്റെ തലവനായ പ്രധാനമന്ത്രി മോണെഗാസ്‌ക് അല്ലെങ്കിൽ ഫ്രഞ്ച് പൗരനാകാം. നിയമനത്തിന് മുമ്പ് രാജാവ് ഫ്രാൻസ് സർക്കാരുമായി കൂടിയാലോചിക്കുന്നു . ജുഡീഷ്യറിയിലെ പ്രധാന അംഗങ്ങൾ റിട്ടയർഡ് ഫ്രഞ്ച് മജിസ്ട്രേറ്റുകളാണ്. ഫ്രഞ്ച് ആണ് മൊണോക്കോയുടെ ഔദ്യോഗികഭാഷ ക്രിസ്തുമതമാണ് ഇവിടുത്തെ പ്രധാനമതം. യൂറോയാണിവിടുത്തെ കറൻസി. ലോകബാങ്കിന്റെ കണക്കനുസരിച്ച്, മൊണാക്കോയുടെ പ്രതിശീർഷ ജിഡിപി 256,580.5 ഡോളറും മൊത്തം ജിഡിപി 10 ബില്യൺ ഡോളറിൽ താഴെയുമാണ്. ഇത്രയേറെ സമ്പന്നരാജ്യമായതിനാൽ തന്നെ ദാരിദ്ര്യനിരക്ക് പൂജ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
Discussion about this post