വാഷിംഗ്ടൺ : യുഎസിൽ രണ്ടാം ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടത്തുന്ന കുടിയേറ്റ റെയ്ഡുകളെ എതിർക്കുന്ന പ്രതിഷേധം ലോസ് ഏഞ്ചൽസിൽ ശക്തമാകുന്നു. ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ പ്രതിഷേധക്കാരും സുരക്ഷ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നാലാം ദിവസത്തിലേക്ക് ആണ് കടന്നിരിക്കുന്നത്. പ്രതിഷേധം അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും ട്രംപിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. 2,000 അധിക സൈനികരെ കൂടി ലോസ് ഏഞ്ചൽസിലേക്ക് അയച്ചതായി ട്രംപ് സർക്കാർ വ്യക്തമാക്കി.
ഈ സൈനികരെ കൂടാതെ കാലിഫോർണിയയിലെ മറൈൻ ആർമി ആസ്ഥാനത്തുനിന്നും 700 ഓളം മറൈൻ സൈനികർ ലോസ് ഏഞ്ചൽസിൽ എത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ലാറ്റിനോ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലാണ് പ്രതിഷേധക്കാരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടക്കുന്നത്. ഈ പ്രദേശത്തുള്ള അനധികൃത കുടിയേറ്റക്കാരിൽ നിരവധി പേരെ ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ആണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
കഴിഞ്ഞദിവസം പ്രതിഷേധക്കാർ ഒരു പ്രധാന ഹൈവേ അടച്ചു. നിരവധി വാഹനങ്ങൾ കത്തിക്കുകയും മറ്റു വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളിൽ വീടുകൾ കൊള്ളയടിക്കപ്പെടുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒരു ജോലി സ്ഥലത്ത് നടത്തിയ ഒറ്റ ഓപ്പറേഷനിൽ 44 അനധികൃത കുടിയേറ്റക്കാരെയും ഗ്രേറ്റർ എൽഎ ഏരിയയിൽ 77 പേരെയും അറസ്റ്റ് ചെയ്തതാണ് പ്രതിഷേധക്കാർ കൂട്ടത്തോടെ തെരുവിലിറങ്ങാൻ കാരണമായത്. പ്രതിഷേധക്കാർക്ക് എതിരെ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും ഏതു വിധേനയും പ്രതിഷേധം അടിച്ചമർത്തുമെന്നും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Discussion about this post