തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പേരിലും തട്ടിപ്പ്. ജോലി ചെയ്യാതെ വ്യാജ ഹാജർ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ ആണ് ജോലിക്ക് ഇറങ്ങാതെ തന്നെ വ്യാജരേഖ സൃഷ്ടിച്ച് ജോലി ചെയ്തതായി കാണിച്ച് തട്ടിപ്പ് നടത്തിയിരിക്കുന്നത് .
ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ തന്നെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേരിലുള്ള തട്ടിപ്പ് പുറത്തുവിട്ടത്. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജനപ്രതിനിധികള്‍ തൊഴിലുറപ്പിന്റെ പേരിൽ തട്ടിപ്പ് നടന്നതായി വ്യക്തമാക്കിയത്. കേന്ദ്ര ചട്ടങ്ങൾ ലംഘിച്ച് ജോലികൾ നടത്തിയതായും ജനപ്രതിനിധികൾ വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ചട്ടം പ്രകാരം രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് ജോലി സമയം. എന്നാൽ നാലുമണിവരെ ജോലി ചെയ്താൽ മതിയെന്നാണ് ഇവിടെ അധികൃതർ തൊഴിലാളികൾക്ക് നൽകിയ നിർദ്ദേശം. കൂടാതെ യന്ത്രസാമഗ്രികൾ ഉപയോഗിക്കരുതെന്ന കേന്ദ്ര ചട്ടം ലംഘിച്ച് ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് പണി നടത്തിയതായും ജനപ്രതിനിധികൾ വ്യക്തമാക്കി. ഇതിനുള്ള പണത്തിനു വേണ്ടിയാണ് ജോലിക്ക് ഇറങ്ങാത്തവരുടെ പേരിൽ പോലും വ്യാജ ഹാജർ സൃഷ്ടിച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയത് എന്നാണ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ വ്യക്തമാക്കുന്നത്.









Discussion about this post