തിരുവനന്തപുരം : അറബിക് അധ്യാപക തസ്തികയിൽ മുൻ ഉത്തരവ് തിരുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. 10 കുട്ടികൾ ഉണ്ടെങ്കിൽ തസ്തിക നിലനിർത്താം എന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. നേരത്തെ അറബിക് അധ്യാപക തസ്തിക നിലനിർത്താൻ കുറഞ്ഞത് 25 കുട്ടികൾ വേണമെന്ന് ആയിരുന്നു ഉത്തരവിറക്കിയിരുന്നത്.
2019-ൽ ആണ് 25 കുട്ടികൾ ഉണ്ടെങ്കിൽ അധ്യാപക തസ്തിക നിലനിർത്താം എന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നത്. എന്നാൽ ഈ വ്യവസ്ഥ നിയമപരമായി നിലനിൽക്കാത്തതിനാലാണ് പുതിയ നിർദേശം. 1998ൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം അറബി, ഉർദു, തമിഴ്, കന്നട ഉൾപ്പെടെയുള്ള ഉപഭാഷകളിൽ അധ്യാപക തസ്തിക നിലനിർത്താൻ 10 കുട്ടികൾ മതി എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ ഉത്തരവ് പിന്തുടരാൻ ആണ് ഇപ്പോൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
നിലവിലുള്ള അധ്യാപക തസ്തിക നിലനിർത്തുന്നതിനാണ് ഈ ഉത്തരവ് ബാധകമാകുന്നത്. പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ പാടില്ല എന്നും ഉത്തരവുണ്ട്. 25 കുട്ടികൾ വേണമെന്ന സർക്കാരിന്റെ മുൻ ഉത്തരവിനെതിരെ അധ്യാപകർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 1998ലെ ഉത്തരവ് പ്രകാരം മുന്നോട്ടു പോകാൻ കോടതി വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു.
Discussion about this post