തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സമയ മാറ്റത്തിൽ എതിർപ്പ് അറിയിച്ച് സമസ്ത. സ്കൂൾ സമയത്തിൽ ദിവസവും അരമണിക്കൂർ അധികമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ് സമസ്ത വിമർശിച്ചിരിക്കുന്നത്. സ്കൂൾ സമയത്തിൽ വരുന്ന മാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം അധികമാക്കാൻ ആണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. രാവിലെ 9:45 മുതൽ വൈകീട്ട് 4:15 വരെ ആയിരിക്കും ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പുതിയ സ്കൂൾ സമയ ക്രമം. ഈ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ സമസ്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
സമസ്ത ചരിത്രം കോഫി ടേബിൾ ബുക്ക് പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സദസ്സിലിരുത്തിയാണ് ജിഫ്രി മുത്തുകോയ തങ്ങൾ എതിർപ്പ് വ്യക്തമാക്കിയത്. സ്കൂൾ സമയത്തിലെ മാറ്റം വിദ്യാർത്ഥികളുടെ മതപഠനത്തെ ബാധിക്കുന്നതാണ്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിവേദനം നൽകുമെന്നും ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കി.
Discussion about this post