ഇടുക്കി : പോലീസ് സ്റ്റേഷനിൽ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ ഒരു പോലീസുകാരൻ തന്നെയാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ വൈശാഖ് എന്ന പോലീസുകാരനാണ് പിടിയിലായത്. ഒളിക്യാമറയിലൂടെ പകർത്തിയ ദൃശ്യങ്ങൾ വനിതാ പോലീസുകാരിക്ക് അയച്ചു നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥ ഒളിക്യാമറ ദൃശ്യങ്ങൾ കണ്ടു ഭയന്ന് തന്റെ ഇംഗിതത്തിന് വഴങ്ങും എന്നായിരുന്നു പ്രതി കരുതിയിരുന്നത്. എന്നാൽ ദൃശ്യങ്ങൾ ലഭിച്ച പോലീസ് ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു.
വനിതാ പോലീസുകാരിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയ വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൃത്യമായ ഉദ്ദേശം എന്തായിരുന്നു എന്ന് കൂടുതൽ അന്വേഷണം നടത്തും എന്നാണ് വണ്ടിപ്പെരിയാർ പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post