ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാൾ ഒഴികെ എല്ലാവരും മരിച്ചതായി റിപ്പോർട്ട്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരെ കൂടാതെ വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും.
മുതിർന്ന ബിജെപി നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ വിജയ് രൂപാണിക്ക് 68 വയസ്സായിരുന്നു പ്രായം. 2019 മുതൽ 2021 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലണ്ടനിലുള്ള മകളെ സന്ദർശിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. വിജയ് രൂപാണി അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു സ്ഥിരീകരിച്ചു. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ ബ്രിട്ടീഷ് പൗരത്വം ഉള്ള ഇന്ത്യൻ വംശജനായ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അപകടത്തിൽ മരിച്ചവരിൽ രണ്ട് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 11 കുട്ടികളും ഉൾപ്പെടുന്നു. എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു. അപകടകാരണം വ്യക്തമായിട്ടില്ലെന്നും കമ്പനി അറിയിച്ചു. കത്തി നശിച്ച ബിജെ ഹോസ്റ്റൽ കെട്ടിടവും പുനർനിർമ്മിച്ച് നൽകും. യുകെയിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനമാണ് തകർന്നു വീണത്.
Discussion about this post