ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ഇസ്രായേൽ പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് മോദി സ്ഥിരീകരിച്ചു. നിലവിലെ സംഘർഷ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചത്.
“ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം എന്നെ അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ ഞാൻ പങ്കുവെക്കുകയും മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു,” എന്ന് മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ ഇറാൻ തലസ്ഥാനത്തും ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലും ആക്രമണം നടത്തിയതോടെയാണ് ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്ക് തുടക്കമായത്. ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന പേരിട്ടിരിക്കുന്ന ഈ ആക്രമണത്തിനെ “വളരെ വിജയകരമായ ഒരു പ്രാരംഭ ആക്രമണം” എന്നായിരുന്നു നെതന്യാഹു വിശേഷിപ്പിച്ചത്. ജനറൽ അമീർ അലി ഹാജിസാദെ, മേജർ ജനറൽ മുഹമ്മദ് ബാഗേരി, മേജർ ജനറൽ ഹൊസൈൻ സലാമി, മേജർ ജനറൽ ഗോലം അലി റാഷിദ് എന്നിവരുൾപ്പെടെ ഇറാനിലെ നിരവധി മുതിർന്ന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Discussion about this post