എല്ലാം നിയന്ത്രണവിധേയം,സുരക്ഷിതം എന്നുകരുതി പുലർകാലസ്വപ്‌നവുമായി സുഖമായി ഉറങ്ങിയവർ ഞെട്ടിയുണരും മുൻപ് ചാരമായ വെള്ളിയാഴ്ച. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ സംയുക്തസൈനികമേധാവി പോലും കൊല്ലപ്പെടുന്നു. ആണവശാസ്ത്രജ്ഞരും സൈനികഉന്നതഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്ത. ഇറാനെവിടെയാണ് പിഴച്ചത്? പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങിയിരിക്കുകയാണ്. ലോകആണവഭീഷണിക്കെതിരായും സ്വന്തം പൗരന്മാരുടെയും സുരക്ഷയ്ക്കായും തങ്ങൾ ആക്രമണം ആരംഭിച്ചുവെന്ന് ഓപ്പറേഷൻ റൈസിങ് ലയൺ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നു.കയ്‌പ്പേറിയ മറുപടി തിരിച്ചുനൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
എന്നിരുന്നാൽകൂടിയും ആക്രമണത്തിന്റെ ആദ്യദിവസം തന്നെ ഇറാൻ സൈന്യത്തിലെ ഉന്നതരെയെല്ലാം വകവരുത്തിയ ഇസ്രായേൽ തന്ത്രം വിജകരം തന്നെ. എല്ലാത്തിനും കളമൊരുക്കിയതും കരുക്കൾ നീക്കിയതും മൊസാദ് അല്ലാതെ മറ്റാരാണ്. മാസങ്ങൾക്ക് മുൻപ് ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട് പ്രകോപനം സൃഷ്ടിച്ചിരുന്നു. യുദ്ധം ആസന്നമായി എന്ന് കരുതിയവരെയെല്ലാം അന്ന് അത്ഭുതപ്പെടുത്തിക്കൊണ്ട് അടിക്ക് കൃത്യമായ തിരിച്ചടി നൽകി ഇസ്രായേൽ പതുങ്ങി. എന്നാൽ ആ സംയമനം ഇത്രയും കണക്കുകൂട്ടിയുള്ള വിനാശം വിതയ്ക്കാനായിരുന്നുവെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. സംഘർഷത്തിന് പിന്നാലെ മൊസാദ് കൃത്യമായി കരുക്കൾ നീക്കി. ഇറാനിൽ തമ്പടിച്ചിരിക്കുന്ന ചാരന്മാർ രാപകൽ അധ്വാിച്ച് വിവരശേഖരം നടത്തി. ചാരൻമാർ ഇറാനിൽനിന്ന് കൈമാറിയ വിവരങ്ങൾ ഇഴകീറി വിശകലനം ചെയ്തു. ഇതിനുശേഷം ഇറാന്റെ മണ്ണിൽ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേൽ സ്ഥാപിച്ചു. ഈ ഭൂഗർഭ കേന്ദ്രത്തിൽ വിനാശകാരികളായ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ചു.
ഇറാന്റെ ആണവപദ്ധതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെയും ഉന്നത സൈനിക നേതൃത്വത്തിനെയും ലക്ഷ്യമിട്ട് വിവരശേഖരണം നടത്തി. ഇറാന്റെ ആണവ, മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ മൊസാദാണ് സൈന്യത്തിലെ ഉന്നതരെയടക്കം ഇല്ലായ്മ ചെയ്ത ആക്രമണപദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചത്. ഇതിനിടെ ശ്രദ്ധതിരിക്കാൻ ഒരു സൈബർ ആക്രമണവും.
മൊസാദിന്റെ കണക്കുകൂട്ടലുകൾ കൃത്യമായി വന്നപ്പോൾ ഇറാന് അവരുടെ സായുധസേന കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ബാഖ്രി, ഇറാൻ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമി, റവല്യൂഷനറി ഗാർഡിലെ മിസൈൽ പദ്ധതിയുടെ ചുമതലയുള്ള ജനറൽ അലി ഹാജിസാദാ, സായുധസേന ഡപ്യൂട്ടി കമാൻഡർ ഗുലാം അലി റാഷിദ്, ഖമനയിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരെയും രണ്ട് ആണവ ശാസ്ത്രജ്ഞരെയും നഷ്ടപ്പെട്ടു.
ആയുധങ്ങൾ ഒളിപ്പിച്ചുകടത്തി,സന്ദർഭവും സാഹചര്യവും ഒത്തുചേർന്നപ്പോൾ നടത്തിയ ഇസ്രായേലിന്റെ ആക്രമണരീതിയിലെ ന്യൂനജൻ ട്രോജൻ തന്ത്രമെന്നാണ് പലരും വിശേഷിപ്പിക്കുന്നത് തന്നെ. ട്രോജൻ മരക്കുതിരയ്ക്കുള്ളിൽ ഒളിപ്പിച്ച പടയാളികളെ കോട്ടമതിലുകളുള്ള ട്രോയ് നഗരത്തിൽ കയറ്റി, രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ പുറത്തിറങ്ങി വൻ ആക്രമണം നടത്തിയ ഗ്രീക്ക് പ്രാചീനതന്ത്രമാണു ട്രോജൻ. ഇതിന് സമാനമായ രീതിയിലാണ് ഇറാന്റെ മൂക്കിൻ തുമ്പത്ത്,ഹൃദയഭാഗത്ത് ടെഹ്‌റാനിന് സമീപം ഒരു രഹസ്യ ഡ്രോൺ ബേസ് സ്ഥാപിച്ചതും ആക്രമണം നടത്തിയതും. പ്രസിഷൻ ആയുധങ്ങളും ഡ്രോണുകളും കടത്തിയത് മാത്രമല്ല, കമാൻഡോകൾ വേഷം മാറിവരെ ഇറാനിൽ തമ്പടിച്ചിരുന്നുവത്രേ.
മൊസാദ്
ഇസ്രായേലിന്റെ ചാര സംഘടനയാണിത്. ഇസ്രായേലിലെ ഒരു നിയമവും യഥാർത്ഥത്തിൽ ബാധകമാക്കാത്ത ഒരു ഏജൻസിയാണിത്. കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയ്ക്ക് മാത്രം റിപ്പോർട്ട് ചെയ്താൽ മതി. മൊസാദിന് ലോകത്തിന്റെ പലഭാഗത്തായി ഏഴായിരത്തോളം സ്ഥിരം ജീവനക്കാരുണ്ട്. വലിയ ബജറ്റും പ്രതിവർഷം ഇവർക്കായി മാറ്റിവയ്ക്കുന്നു. രാഷ്ട്രീയ എതിരാളികളേയും ശത്രുക്കളേയും വധിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച കില്ലർ സ്‌ക്വാഡുകൾക്ക് കുപ്രസിദ്ധമാണ് മൊസാദ്.
Discussion about this post