അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് ഇന്ത്യൻ വംശജനം യുകെ പൗരനുമായ വിശ്വാഷ് കുമാർ രമേശ്. അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ 11-A സീറ്റിലെ യാത്രക്കാരനായിരുന്നു അദ്ദേഹം. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റെല്ലാവരും കൊല്ലപ്പെട്ട അപകടത്തിലെ വിശ്വാഷ് കുമാറിന്റെ അത്ഭുത രക്ഷപ്പെട്ടാൽ ഇപ്പോൾ ലോകമാകമാനം ചർച്ചയായിരിക്കുകയാണ്. ഈ സമയം സീറ്റ് നമ്പർ 11-Aയുമായി ബന്ധപ്പെട്ട ആരെയും വിസ്മയിപ്പിക്കുന്ന ഒരു യാദൃശ്ചികത പങ്കുവെച്ചിരിക്കുകയാണ് തായ്‌ലൻഡിലെ നടനും ഗായകനുമായ റുവാങ്‌സാക് ലോയ്ചുസാക്.
1998-ൽ നടന്ന ദാരുണമായ മറ്റൊരു വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് റുവാങ്‌സാക് ലോയ്ചുസാക്. എന്നാൽ അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികത എന്തെന്നാൽ അന്നത്തെ വിമാനാപകടത്തിൽ റുവാങ്‌സാക് ലോയ്ചുസാക് യാത്ര ചെയ്തിരുന്നതും സീറ്റ് നമ്പർ 11-Aയിൽ ആയിരുന്നു എന്നുള്ളതാണ്. 27 വർഷങ്ങൾക്കു മുൻപ് സംഭവിച്ച അതേ കാര്യമാണ് അഹമ്മദാബാദ് വിമാന അപകടത്തിലും സംഭവിച്ചത് എന്ന തായ് നടന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ലോകം കേട്ടത്.
1998-ൽ തായ് എയർവേയ്‌സ് ഫ്ലൈറ്റ് TG261 ആയിരുന്നു അപകടത്തിൽപ്പെട്ടത്. 1998 ഡിസംബർ 11-ന് TG261 എന്ന വിമാനം തെക്കൻ തായ്‌ലൻഡിലെ ഒരു ചതുപ്പിൽ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേർ കൊല്ലപ്പെട്ടു. ആ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട റുവാങ്‌സാക് 11-A നമ്പർ സീറ്റിലെ യാത്രക്കാരനായിരുന്നു. അന്നത്തെ ആ വിമാന അപകടം കടുത്ത മാനസികാഘാതം സൃഷ്ടിച്ചതോടെ പിന്നീട് ഇതുവരെ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. റുവാങ്‌സാക് ലോയ്ചുസാക് ഫേസ്ബുക്കിൽ പങ്കുവെച്ച ഈ പോസ്റ്റ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്.
11A ഒരു എമർജൻസി എക്സിറ്റ് സീറ്റ് ആണെന്നുള്ളതാണ് അപകടങ്ങളിൽ രക്ഷയാകുന്നത്. വ്യോമയാന വിദഗ്ധർ അഭിപ്രായപ്പെടുന്നത് പ്രകാരം എമർജൻസി എക്സിറ്റിന് സമീപമുള്ള സീറ്റുകൾ അപകട സമയങ്ങളിൽ ഘടനാപരമായ രീതിയിൽ യാത്രക്കാർക്ക് ഗുണം നൽകുന്നതാണ്. വിംഗ് ബോക്സ് മേഖല അധിക സംരക്ഷണം നൽകുകയും പെട്ടെന്നുള്ള പുറത്തിറങ്ങാൻ സാധ്യമാക്കുകയും ചെയ്യുന്നതിനാൽ അപകട സമയത്ത് രക്ഷപ്പെടാൻ ഏറ്റവും എളുപ്പമായ മാർഗ്ഗമാണ് എമർജൻസി എക്സിറ്റിനോട് ചേർന്നുള്ള സീറ്റുകൾ. എന്നാൽ എല്ലാ അപകട സാഹചര്യങ്ങളിലും എമർജൻസി എക്സിറ്റ് സീറ്റുകൾ സുരക്ഷിതമല്ല എന്നും വ്യോമയാന വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
Discussion about this post