ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും രക്ഷപ്പെട്ട യാത്രക്കാരനും 25 ലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ. അപകടത്തിൽ മരിച്ചവർക്ക് നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേ ആണ് 25 ലക്ഷം രൂപ അടിയന്തരസഹായമായി ഉടൻതന്നെ നൽകുക. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അഹമ്മദാബാദ് വിമാന അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
“എയർ ഇന്ത്യ ഫ്ലൈറ്റ് 171 മായി ബന്ധപ്പെട്ട ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. ഈ സമയത്ത് ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞങ്ങളുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ സഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഞങ്ങൾ വഹിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നിർമ്മാണത്തിലും ഞങ്ങൾ എല്ലാവിധ സഹായവും നൽകും. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഈ ദുരിത സമയത്ത് ഇരകളായവരുടെ കുടുംബങ്ങളോട് ഒപ്പം നിൽക്കുന്നു” എന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.
എയർ ഇന്ത്യ വിമാനാപകടത്തിൽ ഇതുവരെ ആകെ 270 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 217 മുതിർന്നവരും 11 കുട്ടികളും രണ്ട് ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ഇതിൽ 169 പേർ ഇന്ത്യൻ പൗരന്മാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ആയിരുന്നു. വിമാനത്തിലെ 12 ക്രൂ അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിലും സമീപ പ്രദേശങ്ങളിലുമായി ഉണ്ടായിരുന്ന മറ്റ് 29 പേരും മരിച്ചു. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്.
Discussion about this post