ടെഹ്റാൻ : ഇസ്രായേലിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന ഇറാന്റെ നടപടിക്ക് പ്രതികാരമായി ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. കൂടാതെ ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രവും ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു.
ഇറാന്റെ കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ ആണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ 40 ഓളം സ്ഥലങ്ങൾ ലക്ഷ്യം വെച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. സൗത്ത് പാർസിലെ ഇറാനിയൻ പ്രകൃതിവാതക സംസ്കരണ കേന്ദ്രവും ഇസ്രായേൽ ആക്രമിച്ചു. ഇറാന്റെ എണ്ണ, വാതക വ്യവസായത്തിന് നേരെയുള്ള ആദ്യത്തെ ഇസ്രായേലി ആക്രമണമാണ് ഇത്. നാശനഷ്ടങ്ങളുടെ പൂർണ്ണ വ്യാപ്തി ഇതുവരെ വിലയിരുത്തിയിട്ടില്ല.
ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന് നേരെയും ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ “ടെഹ്‌റാൻ കത്തുകയാണ്” എന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ ഇറാനിയൻ വ്യോമാതിർത്തിയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേൽ കാറ്റ്സ് സൂചിപ്പിച്ചു.
Discussion about this post