ന്യൂഡൽഹി : രാജ്യത്തെ ദശവത്സര സെൻസസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ജൂൺ 16 തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രകാരം, രാജ്യത്തെ അടുത്ത ദശവത്സര സെൻസസ് 2027 ൽ നടത്തുമെന്ന് ഇന്ത്യാ ഗവൺമെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1948 ലെ സെൻസസ് ആക്ട് പ്രകാരം, രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും ഇടയിലായി രണ്ട് ഘട്ടങ്ങളിലായിരിക്കും സെൻസസ് നടത്തുക.
ആദ്യഘട്ടത്തിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ മുതൽ സെൻസസ് നടപടികൾ ആരംഭിക്കും. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും നേരത്തെ തന്നെ സെൻസസ് ആരംഭിക്കാനാണ് തീരുമാനം. കടുത്ത ശൈത്യമുള്ള ഈ മേഖലകളിൽ കാലാവസ്ഥ സെൻസസ് നടപടികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണ് ഒക്ടോബറോടെ കണക്കെടുപ്പ് ആരംഭിക്കുന്നത്.
94 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തുടനീളമായി ജാതി സെൻസസ് നടക്കാൻ പോകുന്നത്. ഏപ്രിലിൽ ആണ് മോദി സർക്കാർ ജനസംഖ്യാ സെൻസസിനോടൊപ്പം ജാതി സെൻസസും നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് 2025 ഏപ്രിൽ 30 ന് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. സെൻസസ് സുതാര്യമായിരിക്കുമെന്ന് വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇന്ത്യയിലെ അവസാന ജനസംഖ്യ സെൻസസ് 2011 ൽ രണ്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. 2021 ൽ രണ്ട് ഘട്ടങ്ങളായി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചിരുന്നു. 2021 ൽ നടത്താനിരിക്കുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നെങ്കിലും കോവിഡ്-19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനാൽ സെൻസസ് മാറ്റിവെക്കുകയായിരുന്നു.
Discussion about this post