വാഷിംഗ്ടൺ : ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ടുള്ള ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം തള്ളി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ പോയതിന് കാരണം ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ സാധ്യതകളെ കുറിച്ചുള്ള ചർച്ചയ്ക്ക് ആണെന്ന് ഇമ്മാനുവൽ മാക്രോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പരാമർശമാണ് ഇപ്പോൾ ട്രംപ് തള്ളിക്കളഞ്ഞിരിക്കുന്നത്.
‘ഇമ്മാനുവൽ എപ്പോഴും തെറ്റിദ്ധരിക്കുകയാണ് ‘ എന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. താൻ വാഷിംഗ്ടണിലേക്ക് നേരത്തെ മടങ്ങിയതിന് പിന്നിൽ വെടി നിർത്തൽ ചർച്ച എന്ന കാരണം അല്ല. അതിനേക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. മാക്രോൺ എപ്പോഴും തെറ്റിദ്ധരിക്കുകയാണ്, എന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് പ്രസിഡന്റ് ട്രംപ് കാനഡയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടിയിൽ നിന്ന് ആസൂത്രണം ചെയ്തതിലും ഒരു ദിവസം മുമ്പ് പോകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ട്രംപിന്റെ തീരുമാനത്തെ “പോസിറ്റീവ് നീക്കം” എന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രോത്സാഹിപ്പിക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് മടങ്ങി പോകുന്നത് എന്നും സൂചിപ്പിച്ചിരുന്നു.
Discussion about this post